പ്രാര്‍ഥനയിലലിഞ്ഞ് വിശ്വാസികള്‍ ; മമ്പുറം നേര്‍ച്ചയ്ക്ക് ബുധനാഴ്ച കൊടിയിറങ്ങും.
1 min read

തിരൂരങ്ങാടി (മമ്പുറം) : 185-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ഇന്ന് രാത്രി നടന്ന അനുസ്മരണ ദിക്‌റ് ദുആ സമ്മേളനത്തില്‍ പ്രാര്‍ഥനയിലലിഞ്ഞ് വിശ്വാസികള്‍. ആത്മീയ നേതാക്കളും പണ്ഡിതരും പങ്കെടുത്ത സദസ്സില്‍ ആത്മീയ സായൂജ്യം തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് മമ്പുറത്ത് എത്തിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വവി അധ്യക്ഷനായി. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലക്ക് കീഴില്‍ മമ്പുറം മഖാമിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ 32 വിദ്യാര്‍ഥികള്‍ക്കുള്ള ഹാഫിള് പട്ടം ആലിക്കുട്ടി മുസ്ലിയാര്‍ വിതരണം ചെയ്തു.
മഖാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പുറത്ത്സ്ഥാപിക്കുന്ന മമ്പുറം തങ്ങള്‍ പഠന കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് പ്രാര്‍ഥനാ സദസ്സിന് നേതൃത്വം നല്‍കി.
നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം നാളെ രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.