തിരൂർ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ; നിർമ്മാണം അവസാന ഘട്ടത്തിൽ


മലപ്പുറം ജില്ലയിലെ തിരൂർ നഗരത്തിൽ ഗതാഗതത്തിന് ഏറെ ഗുണകരമാകുന്ന സമാന്തര ടൗൺ റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം അവസാന ഘട്ടത്തിൽ. നിർമാണ പ്രവർത്തനങ്ങൾ 80 ശതമാനവും പൂർത്തിയായി. ഈ വർഷം നവംബർ മാസത്തോടെ ഗതാഗതത്തിന് തുറന്ന് നൽകാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം) അധികൃതർ അറിയിച്ചു.
2022 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മെയ് മാസത്തോടെയാണ് ആരംഭിച്ചത്. എന്നാൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ പൂർണ്ണമായും മാറ്റി പ്രവൃത്തി തുടരാൻ സാധിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. കോൺക്രീറ്റ് ബോക്സ് സ്ട്രക്ച്ചറുകളുടെയും റീട്ടെയ്‌നിങ് വാളുകളുടെയും പ്രവൃത്തികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. അപ്രോച്ച് സ്ലാബ് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. മഴക്കാലം കഴിയുന്നതോടെ റോഡ് ടാറിങ് പ്രവൃത്തികളും പൂർത്തിയാക്കും.
നിലവിലുള്ള പഴയ റെയിൽവേ മേൽപ്പാലത്തിലൂടെ തന്നെയാണ് ഇപ്പോഴും വാഹനങ്ങൾ കടന്നു പോകുന്നത് എന്നതിനാൽ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് പ്രത്യേകമായ ഗതാഗത ക്രമീകരണങ്ങൾ തിരൂരിൽ വരുത്തിയിട്ടില്ല