മെൻസ്ട്ര്വൽ ഹൈജീനിക് കിറ്റ്: ജില്ലാതല വിതരണോദ്ഘാടനം നടന്നു
1 min read

സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിർമാർജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെൻസ്ട്ര്വൽ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം നടന്നു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം വനിതകളെ നടക്കാൻ പ്രാപ്തരാക്കാൻ സാധിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി 1.5 കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് ‘സെവൻ ഡേയ്സ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിലെ 44 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ, ആശാ വർക്കർമാർ എന്നിവരെ ഉൾപ്പെടുത്തി 27,000 വനിതകൾക്ക് മെൻസ്ട്രൽ ഹൈജീനിക് കിറ്റ് സൗജന്യമായി വിതരണം ചെയ്യും. രണ്ടാംഘട്ടത്തിൽ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഡോ. ഷഹാന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു