ഏക സിവല്‍ കോഡിനെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിൽ പ്രമേയം; പിന്‍വലിക്കണമെന്ന് ഹൈക്കോടതി


കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ഏക സിവല്‍കോഡിനെതിരായ സിപിഐഎം പ്രമേയം പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രമേയം അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമവിരുദ്ധ പ്രമേയങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇത്തരം പ്രമേയങ്ങൾ മുൻസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കോഴിക്കോട് കോർപ്പറേഷനിലെ സിപിഐഎം അംഗങ്ങളാണ് പ്രമേയം കൗൺസിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. പ്രമേയം കോര്‍പ്പറേഷന്റെ പുറത്തുളള കാര്യമാണെന്നും നഗരപാലികാ നിയമങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്നും പ്രമേയം അവതരിപ്പിക്കരുതെന്നും കാണിച്ച് ബിജെപി കൗണ്‍സിലര്‍ നവ്യ ഹരിദാസ് മേയര്‍ക്കും സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കോര്‍പ്പറേഷന്‍ അവതരണാനുമതി നിഷേധിച്ചില്ല. തുടര്‍ന്ന് ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.