NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെഎസ്ആര്‍ടിസി പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി അടച്ചുപൂട്ടാതിരിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നയം തീരുമാനിച്ച് നടപ്പാക്കണമെന്നും മാനേജ്‌മെന്റിനെയും തൊഴിലാളികളെയും വിശ്വാസത്തില്‍ എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശമ്പള ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ബാക്കി തുക അഞ്ച് ദിവസത്തിനകം നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചു.

 

കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് മറ്റൊരു ആലോചന ഇല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജീവനക്കാരെ ഇനിയും പട്ടിണിക്കിടാന്‍ കഴിയില്ലെന്നും കോടതി വിമർശിച്ചു. അഞ്ച് ദിവസത്തിനകം ശമ്പളം നല്‍കണം. ശമ്പളം നല്‍കിയില്ലെങ്കില്‍ എന്താണ് കാരണമെന്നും മറ്റ് മാര്‍ഗ്ഗമെന്താണെന്നും കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

 

പൊതുഗതാഗത സംവിധാനം അടച്ചുപൂട്ടാന്‍ താല്‍പര്യമില്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് കോടതി നിരീക്ഷിച്ചു. അടച്ചുപൂട്ടാന്‍ താല്‍പര്യമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി അടച്ചുപൂട്ടിയില്ലെങ്കില്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് സർക്കാർ പറയണമെന്നും കോടതി ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം, അത് ഒഴിവാക്കാനാവാത്ത കാര്യമാണെന്നും ഇതിനാവശ്യമായ സഹായമാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. എന്നും സ്ഥിരമായി കോര്‍പ്പറേഷനെ സഹായിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. വര്‍ഷം 1,200 കോടിയോളം രൂപ കെഎസ്ആര്‍ടിസിക്കായി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല, എന്നാല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാനുള്ള അനിവാര്യതയെക്കുറിച്ചാണ് ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

 

ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കിയിട്ടില്ലെന്നും കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ഒരുഭാഗം ആണ് ഇതുവരെ നല്‍കിയത് എന്നും ഓണ്‍ലൈനില്‍ ഹാജരായ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് വിശദീകരിച്ചു. ഓരോ മാസത്തെയും വരവും ചെലവും ബിജു പ്രഭാകര്‍ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. പ്രതിമാസം 70 കോടിയിലധികം രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. ഇതിലും കൂടുതല്‍ തുക ആവശ്യമാണെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി സിഎംഡി വിശദീകരിച്ചു.

 

വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങിയ കാര്യവും ഹൈക്കോടതി പരിഗണിച്ചിട്ടുണ്ട്. പെന്‍ഷന്റെ കാര്യത്തിൽ ഉടനെ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇടക്കാല ഉത്തരവ് ഹൈക്കോടതി നല്‍കിയേക്കും. ഹര്‍ജി അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറും ഓണ്‍ലൈനില്‍ ഹാജരാകും

Leave a Reply

Your email address will not be published. Required fields are marked *