സമഗ്ര വികസനത്തിനു ഊന്നല്‍ നല്‍കി തിരൂരങ്ങാടി നഗരസഭ ബജറ്റ്


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ സമഗ്ര വികസനത്തിനു ഊന്നല്‍ നല്‍കി 2021- 22 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി സുഹറാബി അവതരിപ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. നാസിം സ്വാഗതം പറഞ്ഞു.
ആകെ 49 കോടി 60 ലക്ഷത്തി നാല്‍പത്തി എട്ടായിരത്തി നാന്നൂറ്റി അമ്പത്തി ആറ് രൂപ വരവില്‍ 47 കോടി 26 ലക്ഷത്തി എണ്‍പത്തി ആറായിരം രൂപ പ്രതീക്ഷിത ചെലവും നീക്കിയിരിപ്പ് ബാക്കിയായി 2 കോടി 33 ലക്ഷത്തി അറുപത്തി രണ്ടായിരത്തി നാന്നൂറ്റി അമ്പത്തി ആറ് രൂപയുമായി വകയിരുത്തുന്നു.
ഇതില്‍ 3 കോടി 81 ലക്ഷം രൂപ നികുതി വരവിനത്തിലും 1 കോടി 13 ലക്ഷത്തി നാലായിരം രൂപ നികുതി ഇതര വരവിലും 3 കോടി 5 ലക്ഷത്തി അമ്പത്തി ഏഴായിരം രൂപ ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തിലും 16 കോടി 81 ലക്ഷത്തി എണ്‍പത്തി ആറായിരം രൂപ റവന്യൂ ഗ്രാന്റ് ഇനത്തിലും 11 കോടി 51 ലക്ഷത്തി എഴുപത്തി ആറായിരം രൂപ പദ്ധതി ഇതര ചെലവുകള്‍ക്ക് വേണ്ടിയുള്ള ഗ്രാന്റായും 4 കോടി 50 ലക്ഷം രൂപ വായ്പാ ഇനത്തിലുള്ള മൂലധന വരവായും പ്രതീക്ഷിക്കുന്നു.
കാര്‍ഷിക മേഖലയ്ക്ക് 1 കോടി 74 ലക്ഷം. കോഴിമുട്ട സ്വയം പര്യാപ്ത നഗരസഭയാക്കി മാറ്റുന്നതിനായി അര്‍ഹരായ എല്ലാ വീടുകളിലും മുട്ടക്കോഴികളെ വിതരണം ചെയ്യുന്നതിനായി 30 ലക്ഷം. നഗരസഭ പരിധിയിലെ ഭൂരഹിത- ഭവനരഹിതരായിട്ടുള്ള അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഭവന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു. 3 കോടി 36 ലക്ഷം രൂപ. ശുചിത്വ മാലിന്യ സംസ്‌കരണത്തിനു 2 കോടി രൂപ.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു 1.33 ലക്ഷം രൂപ, വിദ്യാഭ്യാസ മേഖലക്ക് 1.22 കോടി. രൂപ. എസ് സി വിഭാഗം ക്ഷേമത്തിനായി 1 കോടി രൂപ. അങ്കണ്‍വാടി കുട്ടികളുടെ ക്ഷേമത്തിനു 1.33 കോടി. പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് മൂന്നര കോടി രൂപയും നിലവിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി ഒരു കോടി നാല്‍പത് ലക്ഷം രൂപയും മാറ്റി വെക്കുന്നു.
കലാ, കായിക, സാംസ്‌കാരിക യുവജന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 17 ലക്ഷം രൂപ ബജറ്റില്‍ വിഭാവനം ചെയ്യുന്നു സിവില്‍ സര്‍വ്വീസ് ആന്റ് പി.എസ്.സി കോച്ചിംഗ് നടപ്പിലാക്കുന്നതിനായി 3 ലക്ഷം രൂപയും വിവിധ ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യുന്നതിനായി മൂന്ന് ലക്ഷം രൂപയും വകയിരുത്തി.
ലഹരി വിമുക്ത നഗരസഭയായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ു.വീടുകളില്‍ കറ്റാര്‍വാഴ കൃഷി നടത്തുന്നതിനായി 10 ലക്ഷം രൂപ മാറ്റി വെച്ചു. വയോമിത്രം പദ്ധതിക്കായി 15 ലക്ഷം രൂപയും സ്‌നേഹവീട് പദ്ധതിക്കായി 3 ലക്ഷം രൂപയും ഉള്‍പ്പെടെ വയോജന ക്ഷേമത്തിനായി 18 ലക്ഷം രൂപയും വകയിരുത്തി.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക പ്രിവിലേജ് കാര്‍ഡ് അനുവദിക്കുവാനും, ഹിയറിംഗ് എയ്ഡ്, മുച്ചക്ര വാഹനം, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് മുതലായ വിവിധ പദ്ധതികള്‍ക്കായി 55 ലക്ഷം രൂപ വകയിരുത്തുന്നു. കൂടാതെ ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കോര്‍ണര്‍ വിപൂലീകരിക്കും സ്‌ക്കൂളുകളിലെ പഴയകിയ അഡ്മിഷന്‍ രജിസ്റ്ററുകള്‍ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കുന്നതിനായി രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തി.
1921-ലെ മലബാര്‍ കലാപത്തിന്റെ സുവര്‍ണ്ണ ജൂബിലി കവാടം നിര്‍മ്മിക്കാനായി 15 ലക്ഷം രൂപ അനുവദിച്ചു. സമ്മൂസ കുളം മുതല്‍ കുനുമ്മല്‍ വരെയും വെഞ്ചാലി പാടത്തിന് സമാന്തരമായും വാക്കിംഗ് വേ നിര്‍മ്മിക്കും, നഗരസഭയിലെ തെരുവ് വിളക്കുകള്‍ക് 40 ലക്ഷം രൂപയും മാറ്റി വെച്ചു. നഗരസഭയുടെ വിവിധ ഇടങ്ങളിലായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നാല് ലക്ഷം രൂപയും വകയിരുത്തി.
മൈലിക്കല്‍ ശ്മശാനം നവീകരിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ. ചെമ്മാട് ടൗണില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനായി ആറ് കോടി രൂപയും വകയിരുത്തി.സ്ഥിര സമിതി അധ്യക്ഷ രായ സി.പി ഇസ്മായിൽ, എം, സുജിനി, വഹീദ ചെമ്പ, ഇ.പി ബാവ സംസാരിച്ചു.