മണല്‍മാഫിയയ്‌ക്കെതിരായ നീക്കങ്ങള്‍ ചോര്‍ത്തി; ഏഴ് പൊലീസുകാര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടി


മലബാറില്‍ മണല്‍ മാഫിയയുമായി ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. മണല്‍ മാഫിയയ്‌ക്കെതിരായ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരെ പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എസ്‌ഐമാരെയും അഞ്ച് സിപിഒമാരെയുമാണ് പിരിച്ചുവിട്ടത്. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ടവിമലാതിദ്യ ആണ് നടപടിയെടുത്തത്.
പൊലീസ് സേനയില്‍ അച്ചടക്കം പഠിപ്പിക്കുമെന്ന പുതിയ ഡിജിപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി.
ഗ്രേഡ് എ.എസ്.ഐ.മാരായ ജോയ് തോമസ് പി. (കോഴിക്കോട് റൂറൽ), ഗോകുലൻ സി. (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ നിഷാർ പി.എ. (കണ്ണൂർ സിറ്റി), ഷിബിൻ എം.വൈ. (കോഴിക്കോട് റൂറൽ), അബ്ദുൽ റഷീദ് ടി.എം. (കാസർകോട്), ഷെജീർ വി.എ. (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി. (കാസർകോട്) എന്നിവരെയാണ് സർവീസിൽനിന്ന് നീക്കംചെയ്തത്.
മണൽ മാഫിയാ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഈ പ്രവൃത്തിവഴി ഗുരുതരമായ അച്ചടക്കലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപ്പേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.