NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിഴിഞ്ഞത്ത് മൂന്ന് ദിവസം മുമ്പ് കിണറിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ (55)പുറത്തെടുക്കുന്നത് മൂന്നാം ദിവസമാണ്. ആലപ്പുഴയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം അർദ്ധരാത്രിയോടെ അപകടസ്ഥലത്ത് എത്തിയിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലായിരുന്നു.

ഇന്ന് രാവിലെയോടെയാണ് തടസ്സമായി നിന്ന മണ്ണ് നീക്കം ചെയ്ത് മഹാരാജിന്റെ ശരീരഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന് അടുത്തെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. ഫയർഫോഴ്സ്, പൊലീസ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു.

തമിഴ്നാട് പർവ്വതിപുരം സ്വദേശിയായ മഹാരാജനെ പുറത്തെടുത്തെങ്കിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിൽ ആയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

 

മുക്കോലയിൽ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞവർഷത്തെ മഴയിൽ കിണറിലെ ഉറകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇത് മാറ്റാനാണ് തൊഴിലാളികൾ എത്തിയത്. മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് ജോലിക്കുണ്ടായിരുന്നത്. മഹാരാജനൊപ്പം മണികണ്ഠൻ എന്നയാളും കിണറ്റിലുണ്ടായിരുന്നു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിൽ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.

ജോലി പുരോഗമിക്കുന്നതിനിടയിൽ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുകയും ചെയ്തതോടെ മഹാരാജനോടും മണികണ്ഠനോടും കരയിലേക്ക് കയറാൻ വിളിച്ചുപറഞ്ഞിരുന്നു. ഇവർ കയറുന്നതിന് മുമ്പേ മണ്ണിടിയുകയായിരുന്നു. മണികണ്ഠൻ കയറിൽ പിടിച്ച് കയറി. മഹാരാജന്റെ മുകളിലേക്ക് കിണറിന്റെ മധ്യഭാഗത്തു നിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് വീഴുകയായിരുന്നു. രക്ഷിക്കുന്നതിന് മുമ്പ് ഇയാൾ പൂർണമായും മണ്ണിനിടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *