NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; അവധി പ്രഖ്യാപിച്ച ജില്ലകളിൽ കുട്ടികൾ ഹാജരാകേണ്ടതില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.

ക്ലാസുകൾ തുടങ്ങാൻ തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. സ്കൂളുകളിൽ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും പൂർത്തിയായി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങാനായത്. ഇത്തവണ നിശ്ചയിച്ച സമയത്ത് തന്നെ ക്ലാസുകൾ തുടങ്ങുന്നതിനാൽ കൂടുതൽ അധ്യയന ദിനങ്ങൾ ലഭിക്കും.

 

അതേസമയം, മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർത്ഥികളും സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

 

കനത്ത മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ് ജില്ലയില്‍ പ്രൊഫഷണൽ കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

 

കണ്ണൂർ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി നൽകിയിരിക്കുന്നത്. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

തൃശ്ശൂർ ജില്ലയിലും പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!