പരപ്പനങ്ങാടിയിൽ വീടിന്റെ മേൽക്കൂര തകർത്ത് യുവതിയേയും, കുട്ടികളേയും ഇറക്കാൻ നീക്കം; ഭർത്യ സഹോദരനെതിരെ പോലീസ് കേസെടുത്തു.


പരപ്പനങ്ങാടി : വീടിന്റെ മേൽക്കൂര തകർത്ത് യുവതിയേയും, കുട്ടികളേയും ഇറക്കിവിടാൻ നീക്കം നടത്തിയ യുവാവിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. പുത്തരിക്കൽ താമസിക്കുന്ന അന്നേൻകാട് സുബൈദയുടെ പരാതിയിൽ ഭർതൃസഹോദരനായ ഷാജഹാനെതിരെയാണ് കേസ്സെടുത്തത്. സുബൈദയും മൂന്ന് കുട്ടികളും താമസിക്കുന്ന വീടിന്റെ മുൻവശത്തെ ഓടുകളാണ് ഇയാൾ കഴിഞ്ഞ ദിവസം തകർത്തത്. കൂടാതെ ടോയ്‌ലെറ്റും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഭർത്താവ് അബ്ബാസിന്റെ കുടുംബവീടാണ് ഇത്. ഇയാൾ വിദേശത്താണിപ്പോൾ. കാലങ്ങളായി ഇവർ താമസിക്കുന്ന വീടിനെ ചൊല്ലി ഇയാളുമായി അവകാശതർക്കം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം യുവതിയും മക്കളും വീട്ടിലില്ലാത്ത സമയത്ത് ഷാജഹാൻ എത്തി മേൽക്കൂരയിൽ കയറി മുഴുവൻ ഓടുകളും തകർത്ത് വലിച്ചെറിഞ്ഞത്.
നേരത്തെ തകർച്ചയിലായിരുന്ന വീടിന്റെ മേൽക്കൂര പരിസരവാസികളുടെ സഹായത്തോടെയാണ് നവീകരിച്ചത്. കുടുംബ സ്വത്തായ വീട് ഇവർ റിപ്പയർ ചെയ്തതാണ് ഷാജഹാനെ ചൊടിപ്പിച്ചത്. ഓടുകൾ പൂർണ്ണമായി തകർത്തതോടെ ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിൽ കുട്ടികളുടെ പഠന സാമഗ്രികളും, മറ്റും പൂർണ്ണമായി നശിച്ചു.
മഴവെള്ളം അകത്തേക്ക് ഒലിച്ചിറങ്ങിയതോടെ രാത്രിയിലും ഉറങ്ങാതെ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടി വന്നെന്നും സുബൈദ പറഞ്ഞു. വീടിന് മുന്നിൽ തകർത്ത ഓടുകൾ കൂട്ടിയിട്ടിയിരിക്കുകയാണ്. നാട്ടുകാരിൽ ചിലർ വാങ്ങി നൽകിയ താർപ്പായ വലിച്ച് കെട്ടിയിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.