പരപ്പനങ്ങാടി ഹാർബർ സമയബന്ധിതമായി പൂർത്തീകരിക്കും : മന്ത്രി സജി ചെറിയാൻ.


പരപ്പനങ്ങാടി : പരപ്പനങ്ങാടി ഹാർബർ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടിയിൽ നടന്ന തിരൂരങ്ങാടി നിയോജകമണ്ഡലം തീരസദസ്സിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 113 കോടി രൂപ കിഫ്ബിയിൽ നിന്നും ചിലവഴിച്ചാണ് ഹാർബർ നിർമ്മിക്കുന്നത്. നോർത്ത് ബ്രെയ്ക്ക് വാട്ടർ പൂർത്തിയായി. സൗത്ത് ബ്രെയ്ക്ക് വാട്ടർ 1100 മീറ്റർ തീർന്നു. ബാക്കി 300 മീറ്റർ പൂർത്തിയാക്കാനുണ്ട്. വാർഫ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളും ബാക്കിയുണ്ട്. നിർമ്മാണ സാമഗ്രികൾ ലഭിക്കുന്നതിനുള്ള താമസം ചെറിയ തോതിൽ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. നിർമ്മാണം വേഗത്തിലാക്കാൻ തിരുവനന്തപുരത്ത് യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
ഹാർബർ പൂർത്തിയാകുന്നതോടെ തീരശോഷണം ഉണ്ടാകുമെന്ന ജനങ്ങളുടെ ആശങ്കയുടെ അടിസ്ഥാനത്തിൽ പൂനൈ സെൻ്റർ വാട്ടർ പവ്വർ റിസർച്ച് സ്റ്റേഷൻ്റെ വിദഗ്ദരെ കൊണ്ട് പരിശോധിച്ച് റിപ്പോർട്ട് വാങ്ങാൻ മന്ത്രി നിർദ്ദേശം നൽകി. ഇതിൻ്റെ ഭാഗമായി അടുത്തു തന്നെ ചീഫ് എഞ്ചിനീയർ പൂനെയിലെത്തി സി.ഡബ്ല്യു.പി.ആർ.എസിന് കത്ത് നൽകും. നിർമ്മാണം പൂർത്തീകരിക്കുന്നതോടെ സ്ഥലത്തെത്തി പരിശോധന നടത്താനാണ് ആവശ്യപ്പെടുക. പരപ്പനങ്ങാടി നഗരസഭയിലെ പുത്തൻകടപ്പുറം, ആലുങ്ങൽ ബീച്ച്, ചാപ്പപ്പടി എന്നിവിടങ്ങളിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുന്നതിനായി സർവ്വെ നടത്താൻ മന്ത്രി റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന് ശേഷം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരദേശ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
നെടുവ ഹെൽത്ത് സെൻ്റർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്നും ഇതിനാവശ്യമായ സ്ഥലസൗകര്യമുണ്ടെന്നും കൗൺസിലർ ടി. കാർത്തികേയൻ മന്ത്രിയുടെ ശ്രദ്ദയിൽ പെടുത്തി. ആശുപത്രിയിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തണമെന്നുള്ള ആവശ്യവും ഉയർന്നു. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി. നിലവിൽ പരപ്പനങ്ങാടി വരെ എത്തുന്ന കെ.എസ്.ആർ.ടി.സി. ബസ് ആലുങ്ങൽ ബീച്ച് വരെ നീട്ടണമെന്ന എം.പി. കുഞ്ഞിമരക്കാരുടെ ആവശ്യം ഗതാഗത വകുപ്പ് മന്ത്രിയുടെ പരിഗണനക്ക് സമർപ്പിക്കുമെന്ന ഉറപ്പും മന്ത്രി നൽകി. നഗരസഭയിലെ റോഡ് വികസനത്തിനായി കൗൺസിലർമാരുടെ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഈ വർഷം അധികം തുക നൽകാമെന്നും മന്ത്രി വാഗ്ദാനം നൽകി.
തീരദേശ ഹൈവേയുടെ കാര്യത്തിൽ കൃത്യമായ പാക്കേജ് ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. തീരസദസിൽ കെ.പി.എ മജീദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, എ.ഡി.എം. എൻഎം. മെഹറലി, മത്സ്യതൊഴിലാളി ക്ഷേമ നിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവരും ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.