NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഏക സിവിൽ കോഡിനോട് മുസ്ലിം വിഭാഗങ്ങൾക്ക് യോജിക്കാനാകില്ല; ബഹുജന മുന്നേറ്റം വേണം’: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: ഏക സിവില്‍ കോഡിനോട് മുസ്ലിം വിഭാഗങ്ങള്‍ക്ക് അടക്കം പലര്‍ക്കും യോജിക്കാന്‍ സാധിക്കില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബഹുജന മുന്നേറ്റം ഉണ്ടാക്കേണ്ടി വരുമെന്ന സമസ്തയുടെ നിലപാടും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. അതിനായി സമസ്ത ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ മറ്റു മതവിഭാഗങ്ങളുമായി സമസ്ത ചര്‍ച്ച നടത്തുമെന്നും യോജിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഈ വിഷയത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിവാഹം, വിവാഹ മോചനം, അനന്തരവകാശം എന്നിവ മതനിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍ കോഡ് ഇതിന് എതിരാണ്. ഇത് മുസ്ലിം വിഭാഗങ്ങളെ മാത്രമല്ല മറ്റു മതവിഭാഗങ്ങളെയും ബാധിക്കും. വിവാഹം പോലുള്ള വിഷയങ്ങളില്‍ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ലെന്ന ആശങ്കയുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഓരോ മതങ്ങള്‍ക്കും അവരുടേതായ നിയമങ്ങളുണ്ട്. അത് ആചാരങ്ങല്ല. അതിനാല്‍ തന്നെ മറ്റു മതങ്ങള്‍ക്കും ഏക സിവില്‍ കോഡിനോട് യോജിക്കാന്‍ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആദിവാസികള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതിലെ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എടുക്കുന്നതെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

സുന്നി ഐക്യത്തിന് സമസ്ത തയ്യാറാണെന്ന നിര്‍ണായക പ്രഖ്യാപനവും ജിഫ്രി മുത്തുക്കോയ തങ്ങള്‍ നടത്തി. എല്ലാ സുന്നികളും യോജിക്കണമെന്നതാണ് സമസ്തയുടെ നിലപാടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും സൂചിപ്പിച്ചു. വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയ്യാറാകേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഐക്യത്തിന് ആരും കോടാലി വയ്ക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഐക്യത്തിനായി ആര്‍ക്കും മധ്യസ്ഥത വഹിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കുന്നു. സുന്നി ഐക്യം സംബന്ധിച്ച എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.

 

Leave a Reply

Your email address will not be published.