മലപ്പുറത്ത് പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 20 വർഷം തടവും പിഴയും


മലപ്പുറം: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന് 20 വർഷം തടവുശിക്ഷ. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 70,000 രൂപ പിഴയും വിധിച്ചു. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാൻ (51) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്.
2015-2016 കാലയളവിൽ 10 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.
പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്യത കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന കെ എം ദേവസ്യ, പി കെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി.
മറ്റൊരു കേസിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ 44 കാരന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) 20 വർഷം കഠിന തടവിനും 78500 രൂപ പിഴയൊടുക്കാനും വിധിച്ചു. പ്രതിയായ അരീക്കോട് കാവനൂർ പനമ്പറ്റച്ചാലിൽ ടി വി ഷിഹാബിനെയാണ് കോടതി ശിക്ഷിച്ചത്.
2022 ഫെബ്രുവരി 19ന് പുലർച്ചെ 2.15നാണ് കേസിനാസ്പദമായ സംഭവം. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. കിടപ്പുരോഗിയായ മാതാവുമൊന്നിച്ചായിരുന്നു യുവതി താമസിച്ചത്. ഇവരുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി ബലാൽസംഗം ചെയ്തത്.