NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25) ഇതേ വിലാസത്തിൽ താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവർന്നത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെ യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. താൻ കോലഞ്ചേരി സ്വദേശി ആണെന്നാണ് അനു പരിചയപ്പെടുത്തിയത്. ബെംഗളൂരുവിലെ കോളേജിൽ പഠിക്കുകയാണെന്നും ഇപ്പോൾ നാട്ടിലുണ്ട് വന്നാൽ നേരിൽ കാണാമെന്നും പറഞ്ഞ് മെസ്സേജ് അയച്ചു. അത് വിശ്വസിച്ച് ചെറുപ്പക്കാരൻ കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തി.

ഈ സമയം കാറിൽ എത്തിയ രണ്ട് പ്രതികൾ ചെറുപ്പക്കാരനോട് നിങ്ങൾ ഒരു പെൺകുട്ടിക്ക് മെസ്സേജ് അയച്ചിരുന്നോ എന്ന് ചോദിച്ചു. ഞങ്ങൾ ആ പെൺകുട്ടിയുടെ സഹോദരന്മാർ ആണെന്നും ഞങ്ങൾക്ക് പരാതിയുണ്ടെന്നും പറഞ്ഞ് യുവാവിനെ വണ്ടിയിൽ ബലമായി പിടിച്ചു കയറ്റി. സഹോദരിക്ക് മെസ്സേജ് അയച്ചതിന് പോലീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞ് അടിച്ചും കത്തിയും കമ്പിയും കാണിച്ച് ഭീഷണിപ്പെടുത്തിയും യുവാവിന്‍റെ പക്കൽ നിന്നും 23000 രൂപ അക്കൗണ്ട് വഴിയും പേഴ്‌സിലെ പണവും കവർന്നെടുത്ത ശേഷം റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു.

 

പേടിച്ച് വീട്ടിലേക്ക് പോയ ചെറുപ്പക്കാരൻ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും സുഹൃത്തുക്കൾ വഴി പരാതിനൽകുകയും ചെയ്തു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തില്‍ പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.പി.വിജയന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു.നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടന്ന അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. പ്രതികൾ കോട്ടയത്തേക്ക് പോയതായും മനസ്സിലാക്കി. ഇവരെ തിരക്കി പുത്തൻകുരിശ് പോലീസ് കോട്ടയത്ത് എത്തിയെങ്കിലും പ്രതികൾ ആൾ തിരക്കില്ലാത്ത ഇടറോഡുകൾ വഴി വീണ്ടും കോലഞ്ചേരിയിലേക്ക് തിരികെ എത്തി. സംസ്ഥാനം വിടുകയായിരുന്നു ലക്ഷ്യം. പിന്തുടർന്ന പോലീസ് കോലഞ്ചേരി ടൗണിൽ വച്ച്പോലീസ് ജീപ്പ് വട്ടം വെച്ച് കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികൾ വാഹനം വെട്ടിച്ച് രാമമംഗലം ഭാഗത്തേക്ക് കടന്നു.

പിന്നീട് പോലീസ് രാമമംഗലം പാലത്തിന് സമീപത്തുവെച്ച് സാഹസികമായി പ്രതികളെ കീഴടക്കുകയായിരുന്നു. ഇവർ മൂന്നുപേരും വർഷങ്ങളായി ബെംഗളൂരുവിലും ഗോവയിലും ആയി താമസിച്ചു വരികയായിരുന്നു. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു സ്വകാര്യ കമ്പനി ജീവനക്കാരനെ ഭീഷണിപ്പെടുത്തി കയ്യിലെ സ്വർണ്ണ ചെയിനും എടിഎമ്മിൽ നിന്ന് 19000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയ ശേഷം ആൾക്കാരെ സൗഹൃദത്തിൽ ചാറ്റ് ചെയ്ത് നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *