സംസാരശേഷിയില്ലാത്ത കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു


കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ 11 വയസുകാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപത്ത് നിഹാല്‍ നിഷാദ് ആണ് മരിച്ചത്. വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു. സംസാരശേഷിയും ഇല്ലായിരുന്നു.
കുട്ടിയെ തെരുവുനായ്കള്‍ കടിച്ചു വലിച്ചതാകാം എന്നാണ് കരുതുന്നത്. ശരീരമാസകലം പട്ടിയുടെ കടിയേറ്റ പാടുണ്ട് എന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായത്. കളിക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
വീട്ടില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ കാലിന് കീഴ്‌പോട്ട് വിശദീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത് എന്നാണ് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞത്.
നായ്ക്കള്‍ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാന്‍ ചെന്നത്. അവിടെ എത്തിയപ്പോഴാണ് ദാരുണമായ വിധത്തില്‍ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാല്‍ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല.
ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവില ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുക.