തിരൂരങ്ങാടി ഹജൂര്‍ കച്ചേരി ചരിത്ര മ്യൂസിയമാക്കാന്‍ നടപടികളായി: പ്രവൃത്തി ഉദ്ഘാടനം നാളെ


ജില്ലാ പൈതൃക മ്യൂസിയമായി പുരാവസ്തു വകുപ്പ് ഏറ്റെടുത്ത തിരൂരങ്ങാടി ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നാളെ (ഫെബ്രുവരി 11ന് ) രാവിലെ 10 ന് മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.
പി.കെ അബ്ദുറബ് എം.എല്‍.എ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഭൂരേഖ തഹസില്‍ദാര്‍ പി.അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
മലബാര്‍ കലാപ ചരിത്രശേഷിപ്പായ തിരൂരങ്ങാടിയിലെ ഹജൂര്‍ കച്ചേരി ചരിത്ര മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി 2014 ലാണ് ഹജൂര്‍ കച്ചേരി പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്.
നവീകരണ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അധിനിവേശ കാലത്ത് ഭരണ സിരാകേന്ദ്രവും, കോടതിയും, പൊലീസ് സ്റ്റേഷനും, ജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി
പഴമ നിലനിര്‍ത്തി കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് ജില്ലയിലെ മറ്റു പൈതൃകങ്ങളും സാംസ്‌കാരിക മൂല്യങ്ങളും ജനജീവിതവും കൃഷിയും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
അതിനായി 40 സെന്റ് സ്ഥലം പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ട്. ജയിലറകളും നടുമുറ്റവും ചരിത്രസ്മരണകളോടെ നിലനിര്‍ത്തുന്ന രൂപത്തിലാക്കും. മ്യൂസിയമാക്കുന്നതിന് സൗകര്യപ്രദമായ മാറ്റങ്ങള്‍ കച്ചേരിക്കകത്തും പുറത്തും സാധ്യമാക്കിയാണ് കെട്ടിടം സംരക്ഷിക്കുക.