തുമ്പ കിന്‍ഫ്രയിലെ സംഭരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം


തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്‌നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.
തീ പടരുന്നതിനിടെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ രഞ്ജിത് കുടുങ്ങി. ഏറെനേരം ശ്രമിച്ചാണ് പുറത്തെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ ഒന്നരയോടെയാണ് തീ കണ്ടത്. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണു പ്രാഥമിക നിഗമനം.
ഗോഡൗണ്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. മരുന്നുകള്‍ സൂക്ഷിച്ചിരുന്നത് മറ്റൊരു കെട്ടിടത്തിലാണ്. തീ പൂര്‍ണമായും അണച്ചതായി അഗ്‌നിശമനസേന അറിയിച്ചു.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ഫയര്‍യൂനിറ്റുകളെത്തി. തീപിടിത്തത്തില്‍ ഒരുകോടിയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.