പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ മദ്രസയിലെ പ്രഥമാധ്യാപകന് 32 വർഷം കഠിനതടവ്


പെരിന്തൽമണ്ണ: മദ്രസ വിദ്യാർഥിയായ പതിമൂന്നുകാരനെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ച കേസിൽ മദ്രസയിലെ പ്രഥമാധ്യാപകനെ 32 വർഷം കഠിനതടവിനും 60,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോൾ ടി.എൻ. പുരം കപ്പൂത്ത് ഉമ്മർ ഫാറൂഖിനെ(43)യാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്‌ജി കെ.പി. അനിൽകുമാർ ശിക്ഷിച്ചത്.
2017 മുതൽ 2018 സെപ്റ്റംബർ വരെയുള്ള കാലയളവിൽ അതിക്രമം നടത്തിയെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളിലുമായി പത്തുവർഷം വീതം കഠിനതടവും 15,000 രൂപവീതം പിഴയുമാണ് ശിക്ഷ. കൂടാതെ ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം രണ്ടുവർഷം കഠിനതടവും 15,000 രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസംവീതം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടറായിരുന്ന ടി.എസ്. ബിനുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലേയ്ക്ക് അയച്ചു.