ഇന്ന് ലോക തൊഴിലാളി ദിനം; എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.


ഇന്ന് സാർവദേശീയ തൊഴിലാളി ദിനം. തൊഴിലാളികുടെ അവകാശങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനമായാണ് മെയ് ദിനം കൊണ്ടാടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെ തുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്.
തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്.
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.
പിന്നീട് 1889 ൽ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. 1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്‌മാർക്കറ്റ് ലഹളയുടെ ഓർമയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു.
ഇതിനെ തുടർന്ന് റാലിയിൽ വലിയ സംഘർഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. തെളിവുകൾ ഇല്ലാതിരിന്നിട്ടും എട്ട് തൊഴിലാളി പ്രവർത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്.
യൂറോപ്പിൽ മെയ് 1, ഗ്രാമീണ കർഷകരുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പിന്നീട് മെയ് ദിനം ആധുനിക തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.