NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘വിചാരണ പൂർത്തിയായെങ്കിൽ മഅദനിയെ കേരളത്തിലേക്കു പോകാൻ അനുവദിച്ചുകൂടേ?’ സുപ്രീംകോടതി

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ അബ്ദുൽ നാസർ മഅദനിയെ വിചാരണ പൂര്‍ത്തിയായെങ്കിൽ കേരളത്തിലേക്ക് പോകാൻ അനുവദിച്ചുകൂടെയെന്ന് സുപ്രീംകോടതി. കേസിന്റെ വിചാരണയിൽ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ മഅദനി ബെംഗളൂരുവിൽത്തന്നെ തുടരേണ്ടതുണ്ടോ എന്ന് ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

അതേസമയം മദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഒരു ഇളവും അനുവദിക്കരുതെന്ന്‌ കർണാടക സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണാ നടപടികൾ പൂർത്തിയാകുകയും ജാമ്യവ്യവസ്ഥകൾ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കേരളത്തിലേക്ക് പോകാൻ അനുവദിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി സൂചന നല്‍കി.

മഅദനിയുടെ ഹർജി ഇനി ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി. ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്‍ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചത്. 2021ൽ മഅദനി നൽകിയ സമാന ആവശ്യം കോടതി തള്ളിയിരുന്നു.

ബാബറി മസ്ജിദ് പൊളിക്കലിന് ശേഷമുണ്ടായ കലാപ കേസുകളിലും, കോയമ്പത്തൂർ സ്ഫോടന കേസിലും മദനി പ്രതി ആയിരുന്നുവെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഇതിനെ എതിർത്തു. ഈ കേസുകളിൽ എല്ലാം അദ്ദേഹം കുറ്റ വിമുക്തനായതായി സിബലും, ഹാരിസും ചൂണ്ടിക്കാട്ടി.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഹർജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപെട്ടു. എന്നാൽ ഈ ആവശ്യം കോടതിതള്ളി.

Leave a Reply

Your email address will not be published. Required fields are marked *