NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധം’; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. സ്വവര്‍ഗ വിവാഹം ഭാര്യഭര്‍തൃ സങ്കല്പവുമായി ചോര്‍ന്നുപോകില്ല തുടങ്ങിയ വാദങ്ങളാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

 

സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ സ്വവര്‍ഗ വിവാഹം വരില്ല. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

 

അതേസമയം, സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. രാജ്യത്ത് സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ഉള്‍പ്പെടെ വിവിധ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ ഹര്‍ജികളും ജനുവരി ആറിന് സുപ്രീംകോടതിയിലേക്ക് മാറ്റിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജികള്‍ സംബന്ധിച്ച രേഖകളും നേരത്തെയുള്ള വിധികളുമടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇരു വിഭാഗവും സമര്‍പ്പിക്കണമെന്ന് കോടതി അറിയിച്ചു.

Leave a Reply

Your email address will not be published.