തിരൂരങ്ങാടി പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾക്ക് തീപ്പിടിച്ചു..

തിരൂരങ്ങാടി: പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് തീപ്പിടിത്തമുണ്ടായി.
ചെമ്മാട് കൊടിഞ്ഞി റോഡിൽ തിരൂരങ്ങാടി പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ തീപ്പിടിത്തമുണ്ടായത്. കാടുപിടിച്ച് കിടക്കുന്ന ഇവിടെ ചപ്പുവറുകൾ നിറഞ്ഞ അവസ്ഥയുമുണ്ട്.
വർഷങ്ങളായി തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് ഇവിടെയാണ്. അടുത്തിടെ നടത്തിയ കണക്കെടുപ്പിൽ 308 വാഹനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചിരുന്നത്. കോടതിയിൽ കേസ് നടപടികളുള്ള 50 വാഹനങ്ങൾ ഒഴികെയുള്ളവയുടെ ലേലനടപടികൾ നടന്നുവരുകയാണ്.
അതിനിടെയാണ് വാഹനങ്ങൾ കൂട്ടിയിട്ടസ്ഥലത്ത് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. തീ ഉയരുന്നത് കണ്ടതോടെ ഓടിക്കൂടിയവരും പോലീസുംചേർന്ന് തീയണച്ചു.
താനൂരിൽനിന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി. രാത്രിയായതിനാൽ തൊണ്ടിവാഹനങ്ങൾ കത്തിനശിച്ച വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല.