കോഴിക്കോട് ലഹരിപാനീയം നൽകി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ലഹരിപാനീയം നൽകി മയക്കി നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
എറണാകുളം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതികൾ വിദ്യാർഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്കെത്തിച്ച് ലഹരിപാനീയം നൽകി മയക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ രണ്ടിന് മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരമറിയുന്നത്. അതേസമയം, സുഹൃത്തുക്കളായ ഇരുവരും മദ്യലഹരിയിൽ ബോധംകെട്ട് ഉറങ്ങുകയായിരുന്നു. അർധരാത്രിയിൽത്തന്നെ മുറിയിൽനിന്ന് പുറത്തേക്കിറങ്ങിയ വിദ്യാർഥിനി സഹപാഠിയായ നഴ്സിങ് വിദ്യാർഥിയെ ഫോണിൽ വിളിച്ചുവരുത്തുകയും ഈ സഹപാഠി പെൺകുട്ടിയെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു.
ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളിൽ ഒരാൾ താമസിക്കുന്നത്. ഇവിടെ ഒപ്പംതാമസിച്ചിരുന്ന വിദ്യാർഥികൾ വീട്ടിൽപ്പോയ സമയത്താണ് പ്രതികൾ പെൺകുട്ടിയെ ഇവിടെയെത്തിച്ചത്.
രണ്ടാംപ്രതി എറണാകുളത്താണ് താമസം. ഇയാളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു.