NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മംഗളൂരുവിലെ ഹോസ്റ്റൽ മെസിൽ ഭക്ഷ്യവിഷബാധ: മലയാളികളടക്കം നൂറ്റൻപതോളം വിദ്യാർഥികൾ ആശുപത്രിയിൽ

കേരളത്തിൽനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന മംഗളൂരു സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളേജസിലെ ഹോസ്റ്റൽ മെസിൽ ഭക്ഷ്യവിഷബാധ. മലയാളികൾ ഉൾപ്പെടെ നൂറ്റൻപതോളം വിദ്യാർഥികൾ മംഗളൂരുവിലെ വിവിധ ആശുപത്രിയിൽ ചികിത്സ തേടി.

 

ബി.എസ്‌സി. നഴ്സിങ്, ഫിസിയോതെറാപ്പി തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഞായറാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടത്.

കോളേജ് അധികൃതരെ അറിയിച്ചപ്പോൾ വേണ്ട ഗൗരവം കാണിച്ചില്ലെന്ന് പരാതിയുണ്ട്. സംഭവം മറച്ചുവെക്കാനാണ് കോളേജ് അധികൃതർ ശ്രമിച്ചതെന്നും വിദ്യാർഥികൾ പറയുന്നു. തിങ്കളാഴ്ച ഛർദിയും വയറിളക്കവും ബാധിച്ചതോടെ വിദ്യാർഥികളെ കോളേജിന്റെ തന്നെ സിറ്റി ആശുപത്രിയിലേക്ക് മാറ്റി.

 

അസുഖബാധിതരുടെ എണ്ണം കൂടിയപ്പോൾ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹോസ്റ്റൽ മെസിലെ വൃത്തിഹീനമായ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെ ഹോസ്റ്റലിലെത്തി വിവരങ്ങൾ ആരാഞ്ഞു. ഹോസ്റ്റലും കോളേജും അനിശ്ചിതകാലത്തേക്ക് അടച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ജഗദീഷിന്റെ പരാതിയിൽ മാനേജ്മെന്റിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

സംഭവം അറിഞ്ഞ് കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുൾപ്പെടെ ഒട്ടേറെ രക്ഷിതാക്കൾ കോളേജിലെത്തി. അവരോട് സംസാരിക്കാൻപോലും കോളേജ് അധികൃതർ ആദ്യം തയ്യാറായില്ല. മംഗളൂരു എ.സി.പി. ധന്യ ആർ. നായ്ക്കിന്റെ നേതൃത്വത്തിലെത്തിയ പോലീസ് രക്ഷിതാക്കൾക്ക് കോളേജ് അധികൃതരുമായി സംസാരിക്കാൻ അവസരം ഒരുക്കി.

 

മെസിലെ ഭക്ഷണത്തെക്കുറിച്ച് ഒട്ടേറെ പരാതികൾ നിലവിലുണ്ട്. ഭക്ഷണത്തിൽ പുഴുവും പാറ്റയും കണ്ടെത്തിയ കാര്യം വിദ്യാർഥികൾ ചിത്രം സഹിതം വെളിപ്പെടുത്തി. ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ കോളേജ് മാനേജ്‌മെന്റും കോളേജിൽ പ്രവേശനം ഒരുക്കിനൽകിയ ഏജന്റും ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാർഥികൾ പറഞ്ഞു.

 

ചൊവ്വാഴ്ചയും വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട വിദ്യാർഥികളെ രക്ഷിതാക്കൾ വീട്ടിലേക്ക് കൊണ്ടുപോയി. അൻപതിലേറെ വിദ്യാർഥികൾ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *