കോടതി നിർദേശ പ്രകാരം കേസെടുത്തിട്ടും പ്രതികളെ സംരക്ഷിക്കുന്നു ; തിരൂരങ്ങാടി പോലീസിനെതിരെ യുവതിയുടെ പരാതി


കോടതി നിർദേശ പ്രകാരം കേസെടുത്തിട്ടും തിരൂരങ്ങാടി പോലീസ് പ്രതികളെ പിടികൂടാതെ സംരക്ഷിക്കുന്നതായി പരാതി. എടരിക്കോട് ചുടലപ്പാറ സ്വദേശി താഴത്തെ പള്ളിയാളി ആബിദ എന്ന 36 കാരിയാണ് തിരൂരങ്ങാടി പോലീസിനെതിരെ വാർത്ത സമ്മേളനത്തിൽ ആരോപണവുമായി എത്തിയത്.
യുവതിയെ മൂന്നിയൂർ സ്വദേശികളായ 4 പേരടങ്ങുന്ന സംഘം മർദിച്ചു പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിട്ടും പരാതിയിൽ തിരൂരങ്ങാടി പോലീസ് നടപടി എടുത്തില്ലെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ ഡിസംബർ 28 ന് ഒ.പി. അലവിക്കുട്ടി, ഒ.പി. മുനീർ, സി.പി. കരീം, അയ്യപ്പൻ, സൈതലവി എന്നിവർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. യുവതിക്ക് കോടതി അറ്റാച്ച്മെന്റ് ചെയ്തു നൽകിയ വസ്തുവിൽ നിന്ന് ഇവർ മരം വെട്ടുന്നത് തടഞ്ഞപ്പോഴാണ് മര്ദിച്ചതെന്ന് യുവതി പറയുന്നു.
വടിയും കല്ലും ഉപയോഗിച്ച് മര്ദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു. ഇതിനെതിരെ പരാതി നൽകിയെങ്കിലും തിരൂരങ്ങാടി പോലീസ് കേസെടുത്തില്ല. തുടർന്ന് കോടതിയിൽ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ നടപടി സ്വീകരിക്കുന്നില്ല.
പ്രതികൾ പൊലീസിന് മുമ്പിൽ വലസിയിട്ടും നടപടി സ്വീകരിക്കാത്തത് പോലീസും ഇവരും തമ്മിലുള്ള ബന്ധം കൊണ്ടാണ്. ഇതിനെതിരെ എസ്.പി.ക്ക് പരാതി നൽകിയിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. വാടക വീട്ടിൽ കഴിയുന്ന താൻ ജോലിക്ക് പോയാണ് മക്കളെ പോറ്റുന്നതെന്നും ഇവർ പറഞ്ഞു