തേനീച്ചകളുടെ കുത്തേറ്റു വിദ്യാർഥികളടക്കം നാൽപ്പതോളം പേർക്ക് പരിക്ക്


തേനീച്ചകളുടെ കുത്തേറ്റ് വിദ്യാർഥികളടക്കം നാൽപ്പതോളം പേർക്ക് പരിക്ക്. ചീക്കോട് പഞ്ചായത്ത് പത്താം വാർഡിലെ പുതിയോടത്ത് കാപ്പിക്കാട്ടിൽ മുക്കിൽ ഭാഗത്ത് ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തെങ്ങിന് മുകളിലുള്ള തേനീച്ചക്കൂട് ഇളകിവീഴുകയായിരുന്നു.
ചീക്കോട് ഗവ. യു.പി. സ്‌കൂളിലെ പിഞ്ചുകുട്ടികൾക്കടക്കം കുത്തേറ്റു. പരുന്ത് കൊത്തി കൂടിളകിയപ്പോൾ നൂറുകണക്കിന് തേനീച്ചകൾ കൂട്ടമായെത്തി കുത്തുകയായിരുന്നു.
സ്‌കൂൾ വിട്ട സമയമായതിനാൽ കുട്ടികൾക്കാണ് വ്യാപകമായി കുത്തേറ്റത്.
കുട്ടികളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപത്തെ വീട്ടുകാരും നാട്ടുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ എടവണ്ണപ്പാറയിലെ ആശി, ലൈഫ് കെയർ, ഓമാനൂർ കമ്യൂണിറ്റി ആശുപത്രി എന്നിവിടങ്ങളിലെത്തിച്ചു.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നിരവധി പേർക്കും കുത്തേറ്റു. ഓമാനൂർ കമ്യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ചോലയിൽ ജലീലിനെ (38) കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മുഹമ്മദ് നാഫിഹ് (11), അജ്‌നാസ് (12), മുഹമ്മദ് ഫൈസൽ (37), അബ്ബാസ് (39), ജസഫാത്തിമ (9), ഖദീജ നയന (10), മൈമൂന (35), അസീബ് (11), അബ്ദുള്ള (58), ഇഷാം റാസി (11), ജുമാന (33), മുറീദജാന, (8), മുഹമ്മദ് യാസർ (7), ദിയറുഷ്ദ (10), അബ്ദുൽ കരീം (46), ഫാത്തിമ ലന (10), മുഹമ്മദ് റിഷാദ് (9), രായിൻ മുഹമ്മദ് (37), ഫാത്തിമ ഫെബിൻ (2), മുഹമ്മദ് മുഹ്‌സിൻ (6), അബ്ദുൽ കരീം (50), അജ്മൽ (29), പള്ളിയാളി മുഹമ്മദ് സിനാദ് (8), മുഹമ്മദ് ഷാനിബ് (7), മുഹമ്മദ് ഷാഹിദ് (10), ഫാത്തിമ ഷിഫ (5), മുഹമ്മദ് ഷാമിൽ (9), പള്ളിയാളി മുഹമ്മദ്കുട്ടി ഹാജി (71), പുതിയോടത്ത് ഹസ്‌ന (20), പള്ളിയാളി ഹാദിയ (16), കിഴക്കെചോല മുസവീർ (17), പുതിയോടത്ത് റുഖിയ (55), പള്ളിയാളി സലാം (33) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
മറ്റുള്ളവർ ചികിത്സക്കുശേഷം രാത്രിയോടെ വീട്ടിലേക്ക് മടങ്ങി.