ആരോഗ്യ വകുപ്പുദ്യോഗസ്ഥൻ ചമഞ്ഞ് ഹോട്ടൽ പരിശോധന : യുവാവിനെ പിടികൂടിപോലീസിലേൽപ്പിച്ചു.


തിരുവനന്തപുരത്തെ ആരോഗ്യവകുപ്പിലെ സ്പെഷ്യൽ ഓഫീസറാണെന്ന് പറഞ്ഞ് ഹോട്ടലുകളിൽ പരിശോധനയ്ക്കെത്തിയ ആളെ ഹോട്ടലുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
എടപ്പാൾ സ്വദേശിയായ രജീഷ് എന്നയാളാണ് പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും കാണിച്ച ഐ.ഡി. കാർഡിലെ അപാകങ്ങളുമാണ് ഹോട്ടലുടമകളിലും സംശയത്തിന് വഴിവെച്ചത്.
സംസ്ഥാനപാതയിൽ ചങ്ങരംകുളത്തിനപ്പുറം ചിയാന്നൂർ പാടത്തുള്ള ചില ഹോട്ടലുകളിലാണ് വ്യാഴാഴ്ച വൈകുന്നേരം മുതൽ ഇയാൾ പരിശോധന ആരംഭിച്ചത്. കഴുത്തിൽ സർക്കാർമുദ്രയുള്ള തിരിച്ചറിയൽ കാർഡ് ധരിച്ചാണെത്തിയതെങ്കിലും ഇയാൾ മദ്യപിച്ചിരുന്നതായി മനസ്സിലായതോടെ ഹോട്ടലുകാർ കൂടുതൽ ചോദ്യംചെയ്തു.
തിരുവനന്തപുരത്തുനിന്ന് പ്രത്യേക നിർദ്ദേശാനുസരണമെത്തിയതാണെന്നും മേലുദ്യോഗസ്ഥരുടെ നമ്പർ നൽകാമെന്നും പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ ഇയാൾക്കായില്ല.
ഹോട്ടലുടമ ബന്ധപ്പെട്ടപ്പോൾ അത്തരത്തിലാരെയും പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയിട്ടില്ലെന്നു കൂടി അറിഞ്ഞതോടെ ഇയാളെ തടഞ്ഞുവെച്ച് ചങ്ങരംകുളം പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.