ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിന്റെ മരണം കൊലപാതകം: കൂട്ടുപ്രതി ബഷീർ അറസ്റ്റിൽ
1 min read

കൊണ്ടോട്ടി: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്റെ പുരയ്ക്കൽ സൗജത്തിനെ (36) കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിലായി. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ വീട്ടിൽ ബഷീറിനെ(44)യാണ് പോലീസ് അറസ്റ്റുചെയ്തത്. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സൗജത്തിന്റെ കൂട്ടുപ്രതിയാണ് ബഷീർ.
സൗജത്തിനെ കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിലുള്ള വാടകക്വാർട്ടേഴ്‌സിൽ നവംബർ 30-നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു മൃതദേഹം.
ബഷീറിനെ കോട്ടയ്ക്കലിലെ താമസസ്ഥലത്ത് വിഷംകഴിച്ച് ഗുരുതരാവസ്ഥയിലും കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷിച്ചുവരുകയായിരുന്നു.
മത്സ്യത്തൊഴിലാളിയായ ഭർത്താവ് സവാദിനെ 2018 ഒക്ടോബറിൽ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ് സൗജത്തും ബഷീറും. ഒരുമിച്ച് ജീവിക്കാനായി സവാദിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുകയായിരുന്ന ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് നവംബർ 29-ന് രാത്രി കഴുത്തിൽ ഷാൾ മുറുക്കി സൗജത്തിനെ ബഷീർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബഷീർ വിഷംകഴിച്ച് ആത്മഹത്യയ്ക്കുശ്രമിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് പോലീസ് ചോദ്യംചെയ്തു. ഇതിലാണ് സൗജത്തിന്റെ മരണം കൊലപാതകമാണെന്ന് പോലീസിനു വ്യക്തമായത്. കൊണ്ടോട്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.എൻ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.