ഷാരോൺ രാജ് വധക്കേസിൽ പൊലീസിനെ കുരുക്കിലാക്കി ഗ്രീഷ്മയുടെ രഹസ്യമൊഴി;’നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചു’


പാറശ്ശാല ഷാരോൺ വധക്കേസിൽ പൊലീസിനെ കുരുക്കിലാക്കി പ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിർബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചെന്ന് മൊഴി നൽകിയതായി സൂചന. നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെമൊഴി നൽകിയത്.
കുറ്റസമ്മതം നടത്തിയാൽ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നൽകിയിരുന്നതതായും രഹസ്യമൊഴിയിൽ പരാമർശം. രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തി. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോൺ രാജ് ഒക്ടോബർ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്നത്. ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.