കായിക മേള നടക്കുന്നതിനിടെ ഗാലറിയിലേക്ക് മരം വീണു; കുട്ടികൾക്കും പരിശീലകനും പരുക്കേറ്റു


തിരൂർ ∙ സംസ്ഥാന കായിക മേള നടക്കുന്നതിനിടെ ഗാലറിയിലേക്ക് മരം വീണ് കുട്ടികൾക്കും പരിശീലകനും പരുക്കേറ്റു. ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്കും പരിശീലകനും ആലപ്പുഴയിൽ നിന്നെത്തിയ ഒരു കുട്ടിക്കുമാണു പരുക്കേറ്റത്.
ഹാമർ ത്രോ മത്സരം നടന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണു സംഭവം. ഇന്നലെ ആലത്തിയൂർ സ്കൂളിലെ സി.അശ്വിൻ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇത് കാണാനാണ് സ്കൂളിൽ നിന്നുള്ള മറ്റു മത്സരാർഥികൾ പരിശീലകനൊപ്പം ഗാലറിയിൽ ഇരുന്നത്. എന്നാൽ ഇവരുടെ മേൽ അപ്രതീക്ഷിതമായി മരം മുറിഞ്ഞു വീഴുകയായിരുന്നു. പരിശീലകൻ ടി.റിയാസിനു പുറത്ത് മുറിവുകളുണ്ടായി. കൂടെയുണ്ടായിരുന്ന സ്കൂളിലെ 13 കുട്ടികൾക്കു നിസ്സാര പരുക്കേറ്റു
ഗാലറിയിലുണ്ടായിരുന്ന എറണാകുളം വെങ്ങോലയിൽ നിന്ന് മത്സരിക്കാനെത്തിയ കെ.പി.അഭിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞയുടൻ മന്ത്രി വി.ശിവൻകുട്ടി സ്ഥലത്തെത്തി കുട്ടികളെയും പരിശീലകനെയും കണ്ട് വിവരങ്ങൾ തിരക്കുകയും ചാഞ്ഞു നിൽക്കുന്ന മറ്റു മരക്കൊമ്പുകൾ വെട്ടി മാറ്റാൻ നിർദേശം നൽകുകയും
ചെയ്തെന്ന് കായികാധ്യാപകൻ എം.ഷാജിർ പറഞ്ഞു. ആലത്തിയൂരിലെ സി.അശ്വിൻ ഹാമർ ത്രോയിൽ വെള്ളി നേടിയിട്ടുണ്ട്