തിരൂരങ്ങാടി ചന്തപ്പടിയിൽ ടയർ കട തീ വെച്ച സംഭവം ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈര്യാഗത്തിന്


തിരൂരങ്ങാടി: ചന്തപ്പടിയിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈര്യാഗത്തിന് ഇതരസംസ്ഥാന തൊഴിലാളി ടയർ കട തീ വെച്ചു നശിപ്പിച്ചു. തിരൂരങ്ങാടി ചന്തപ്പടിയിൽ ശനിയാഴ്ച പുലർച്ചെ 3 മണിയോടേയാണ് സംഭവം.
കടയിലെ താൽക്കാലിക ജോലിക്കാരനായിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയാണ് കട തീവെച്ച് നശിപ്പിച്ചത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ പരപ്പനങ്ങാടി ഉള്ളണം സ്വദേശി അമാനുള്ള പറഞ്ഞു.
കടയിൽ നിന്ന് പണം മോഷ്ടച്ചതിനെ തുടർന്ന് ജോലിയിൽനിന്നും പിരിച്ചുവിട്ട ബിഹാർ മുസഫർ സ്വദേശിയായ ആലം ആണ് കടക്ക് തീവെച്ചത്.
മൂന്ന് മാസം മുമ്പാണ് ഇയാളെ ജോലിക്ക് വെച്ചത്, നേരെത്തെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി നാട്ടിൽ പോയപ്പോൾ, ബിഹാറിൽ നിന്നും പകരക്കാരനായി ഏൽപ്പിച്ചു നൽകിയ തൊഴിലാളിയാണ് ആലം.
സംഭവത്തിന് ശേഷം ഇയാൾ കടയിലുള്ള മറ്റു തൊഴിലാളികളുടെ ബൈക്ക് എടുത്ത് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് രാത്രി മംഗളുരു ഭാഗത്തേക്കുള്ള ട്രെയിനിൽ കടന്നുകളഞ്ഞെന്നാണ് കരുതുന്നത്. സംഭവം അറിഞ്ഞയുടൻ പോലീസിൽ പരാതി നൽകി.
താനൂരിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസും ചേർന്നാണ് തീ അണച്ചത്. കടപൂർണ്ണമായും കത്തിനശിച്ചു.