ശിഷ്യന് വയസ്സ് 17, കോച്ചിന് വെറും 19, നേട്ടം സ്വർണമെഡൽ!


തേഞ്ഞിപ്പലം ∙ 17 വയസ്സുള്ള ശിഷ്യന് 19 വയസ്സുള്ള കോച്ച്. കണ്ടാൽ കൂടെ പഠിക്കുന്നവനാണോയെന്നൊക്കെ ചോദിക്കുമെങ്കിലും അവർ ഉത്തരം നൽകിയത് സ്വർണ മെഡൽ കൊണ്ടാണ്. മലപ്പുറം ജില്ലാ സ്കൂൾ കായികമേളയിലെ സീനിയർ വിഭാഗം പോൾവാൾട്ടിലാണ് ഈ കൗതുകനേട്ടം. രായിരമംഗലം എസ്എംഎംഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും താനൂർ അഞ്ചുടി സ്വദേശിയുമായ മുഹമ്മദ് ഫൈജാസാണ് ഒന്നാം സ്ഥാനം നേടിയ ആ ശിഷ്യൻ. പരിശീലിപ്പച്ചതാകട്ടെ ഇതേ സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ്ടു പാസായ എടക്കടപ്പുറം സ്വദേശി കെ.ടി.മുഹമ്മദ് സ്വാലിഹും.
കടപ്പുറത്തു കളിച്ചു വളർന്ന ഇവരുടെ പരിശീലനം സംഘടിപ്പിച്ചത് വെറും മണലിലായിരുന്നു. പോൾവാൾട്ടിന് വേണ്ട സ്റ്റാൻഡ് ഇല്ലാത്തതിനാൽ ഹൈജംപ് സ്റ്റാൻഡ് മേശകൾ വച്ച് ഉയർത്തിയാണ് പരിശീലിച്ചത്. ഫൈജാസിന്റെ സ്വർണനേട്ടം സ്വന്തം ജ്യേഷ്ഠന്റെ പാതയിലാണെന്ന പ്രത്യേകതയുമുണ്ട്. ജ്യേഷ്ഠൻ സി.വി.ഫയാസ് 2 തവണ ഇതേ സ്കൂളിനു വേണ്ടി ജില്ലാ കായികമേളയിൽ പോൾവാൾട്ടിൽ സ്വർണം നേടിയിട്ടുണ്ട്.
ജൂനിയർ വിഭാഗത്തിലെ ജില്ലാ റെക്കോർഡും ഫയാസിന്റെ പേരിലാണ്. ഇപ്പോൾ തിരൂർ ടിഎംജി കോളജിൽ ബിരുദ വിദ്യാർഥിയായ ഫയാസ് തന്നെയാണ് സ്കൂളിലെ ഹൈജംപ് താരം കൂടിയായിരുന്ന സ്വാലിഹിനോട് അനിയനെ പരിശീലിപ്പിക്കാൻ നിർദേശിച്ചത്. ഫൈജാസിനു പുറമേ ഇന്നലെ 1500 മീറ്ററിൽ വെള്ളി നേടിയ കെ.പി.മുഹമ്മദ് അഫ്സൽ, 200 മീറ്ററിൽ വെള്ളി നേടിയ കെ.പി.ഫഹദ് എന്നിവർക്കും സ്വാലിഹ് പരിശീലനം നൽകിയിരുന്നു.