NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നാടുകാണീ പരപ്പനങ്ങാടി റോഡ് നവീകരണം; എഗ്രിമെന്റ് പ്രകാരമല്ലാതെ; അഴിമതിയെന്ന് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി നൽകി.

1 min read
തിരൂരങ്ങാടി:  നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയിൽ തിരൂരങ്ങാടി പ്രദേശ പരിധിയിൽ എഗ്രിമെന്റ് എസ്റ്റിമേറ്റ് ഷെഡ്യൂൾ പ്രകാരമല്ലാതെ അശാസ്ത്രീയമായി നടക്കുന്ന നിർമ്മാണ പ്രവത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി നിവാസികള്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി,ജില്ല കളക്ടർ, മരാമത്ത് എഞ്ചിനീയർമാർ എന്നിവർക്ക് പരാതി നൽകി.
തിരൂരങ്ങാടി മണ്ഡലത്തിൽ കക്കാട് മുതൽ പള്ളിപടി വരെ ഭാഗങ്ങൾ കയ്യേറ്റ ഒഴിപ്പിക്കാതെയും മതിയായ അകലവും വിസ്തൃതിയും ഇല്ലാതെ റോഡ് പ്രവൃത്തിയും അനുബന്ധ ഡ്രൈനേജും ഫുട്പാത്തും കലുങ്ക് പണികളും, കൾവെർട്ടുകളും നിർമ്മിക്കാതെയും, മനുഷ്യ ജീവനും സ്വത്തിനും  ഹാനികരമാകുന്നവിധം നിർമ്മാണം നടത്തികൊണ്ടിരിക്കുന്നതിനാൽ വൻ അപകടസാധ്യത  നിലനിൽക്കുന്നുണ്ടെന്നും കാണിച്ചാണ് പരാതി നൽകിയത്.
ഈ നിയമ ലംഘനം മൂലം നിരവധി ജീവനുകൾ ഈ റോഡിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാനത്തിൽ 2016 ൽ ഡി.എഫ്.ഐ.പി. പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലക്ക് അനുവദിച്ച പദ്ധതിയാണ് നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണം.
450 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ചിറമംഗലം വരെ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും എം.എൽ.എ.യുമായ പി.കെ.അബ്ദുറബ്ബിന്റെ ശ്രമഫലമായാണ് നീട്ടുകയും ചെയ്തു. പാലത്തിങ്ങൽ പുതിയ പാലവും പിന്നീട് ഈ പദ്ധതിൽ കൂട്ടിച്ചേർത്തു.
ഈ പദ്ധതിൽ പരപ്പനങ്ങാടി മുതൽ നാടുകാണി വരെ ടാറിങ് ഒമ്പത് മീറ്ററും, റോഡിന്റെ വീതി 12 മീറ്ററും, ആവശ്യമുള്ള ഭാഗങ്ങളില്ലാം ഡ്രൈനേജ് നിർമ്മിക്കാനും നിർബന്ധമായി വേണമെന്ന് തീരുമാനിച്ചിരുന്നു.
തിരൂരങ്ങാടി മണ്ഡലത്തിലെ ഭാഗത്ത്‌ മേൽപ്പറഞ്ഞ വീതി ഉറപ്പാക്കുന്നതിന് എം.എൽ.എ യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും, ജനപ്രതിനിധികളെയും, യു.എൽ.സി.സി. പ്രതിനിധികളെയും പങ്കെടുപ്പിച്ച് പത്തോളം യോഗങ്ങൾ വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. 12 മീറ്റർ സർക്കാർ ഭൂമി ഇല്ലെങ്കിൽ സ്വകാര്യഭൂമി പണം കൊടുത്ത് ഏറ്റെടുക്കാനും ഈ പദ്ധതിയിൽ തീരുമാനിച്ചിരുന്നതാണ്.
അതിനാവശ്യമായ പണവും ഇതിൽ നീക്കി വെച്ചിട്ടുണ്ട്. പിന്നീട് സർക്കാർ മാറിവന്നതോടെ തീരുമാനങ്ങളും മാറി. സർക്കാർ ഉത്തരവിനെ മറികടന്നു തീരുമാനം എടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കും, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും ഇല്ലെന്നിരിക്കെ ഇവർ പിന്നീട് യോഗം ചേർന്ന് 12 മീറ്റർ വീതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. മിക്കയിടങ്ങളിലും കയ്യേറ്റം ഒഴിപ്പിക്കാതെയും മതിയായ അകലവും വിസ്തൃതിയും ഇല്ലാതെയാണ് നവീകരണം നടത്തിയിട്ടുള്ളത്.
ചിലയിടങ്ങളിൽ പ്രവൃത്തി പൂർത്തിയാക്കാതെ പാതിവഴിയിട്ട നിലയിലുമാണ്. ഡ്രൈനേജ് ആവിശ്യമുള്ളിടത്ത് നിർമ്മിക്കാത്തതും കയ്യേറ്റമൊഴിപ്പിക്കാത്തതും അതിർത്തി ഏതെന്ന് അറിയാത്തതാണെന്നാണ് ഇവർ നൽകിയ വിശദീകരണം. തുടർന്ന് എം.എൽ.എ യുടെ നേതൃത്വത്തിൽ യോഗം ചേരുകയും ആവശ്യപ്പെട്ട പ്രകാരം സർവ്വേ നടത്തി അതിർത്തി പുനർനിർണ്ണയിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഒരു വർഷം പിന്നിട്ടിട്ടും പഴയപടി റോഡ് റീടാറിംഗ് പ്രവർത്തി മാത്രമാണ് ചെയ്യുന്നതെന്നും പരാതിയുണ്ട്. പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കക്കാട് മുതൽ അമ്പലപടി വരെ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ പഠിക്കുന്ന പ്ലേസ്കൂൾ മുതൽ പി.ജി. കോളേജുകൾ വരെ ഇരുപതിലധികം വിദ്യാലയങ്ങളും ആശുപത്രികളടക്കം ഈ റോഡിനു വശങ്ങളിൽ ഉണ്ട്.
ദിവസവും പതിനായിരങ്ങൾ സഞ്ചരിക്കുന്ന പാതയുമാണ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന് മുന്നിലുള്ള ഡ്രൈനേജ് തകർന്നിട്ട് വർഷങ്ങളായി, മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്ന ഓടയും റോഡും തിരിച്ചറിയാതെ, പിഞ്ചു കുഞ്ഞുങ്ങളും പ്രായം ചെന്നവരും, വിദ്യാർത്ഥികളും അപകടത്തിൽപ്പെടുക നിത്യസംഭവമാണ്.
നിർമാണത്തിലെ അശാസ്ത്രീയതയും അപാകതയും മൂലവും കയ്യേറ്റക്കാരെ സംരക്ഷിച്ചു നിർമ്മാണം തുടരുന്നതും, അഞ്ചു വർഷമായി തുടരുന്ന നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായ കക്കാട് മുതൽ പരപ്പനങ്ങാടി വരെയുള്ള പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാത്തതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.