തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ലൈബ്രറി: പങ്കാളികളായി മാധ്യമ പ്രവർത്തകരും


തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അധികൃതർ ജനകീയമായി ഒരുക്കുന്ന ലൈബ്രറി പ്രവർത്തനം നടപ്പാക്കുന്നതിന് തിരൂരങ്ങാടിയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയും പങ്കാളികളായി. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ശേഖരിച്ച തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രവർത്തകർ പുസ്തകങ്ങൾ കൈമാറി.
താലൂക്ക് ആശുപത്രിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനകീയ വികസനപ്രവർത്തനങ്ങളിൽ പങ്കാളികളാകുകയെന്ന ലക്ഷ്യത്തോടെയാണ് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് ലൈബ്രറി ഒരുക്കുന്നതിന് ശ്രമങ്ങൾ നടത്തിയത്.
ആശുപത്രിയിലെ കിടപ്പുരോഗികൾ, ഒ.പിയിൽ എത്തുന്നവർ, രോഗികൾക്ക് കൂട്ടിരിക്കാൻ എത്തുന്നവർ തുടങ്ങിയവർക്ക് ഉപകരിക്കുന്ന തരത്തിലാണ് ലൈബ്രറി സജ്ജീകരിക്കുന്നത്. ശേഖരിച്ച പുസ്തകങ്ങൾ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ. റസാഖ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് കൈമാറി. ചടങ്ങിൽ ആശുപത്രി പി.ആർ.ഒ. സി.വി. അബ്ദുൽ മുനീർ, നഴ്‌സിങ് സൂപ്രണ്ട് സുമതി, പ്രസ് ക്ലബ്ബ് ട്രഷറർ ഷനീബ് മൂഴിക്കൽ, രജസ്ഖാൻ മാളിയാട്ട്, കെ.എം. മുഹമ്മദ് യാസീൻ, പി.പ്രകാശ്, കെ.എം. ഗഫൂർ, സെയ്ത് മുഹമ്മദ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.