ആവേശമായി സഹകരണ യൂണിയൻ കലാ-കായിക മത്സരങ്ങൾ.
1 min read

തിരൂരങ്ങാടി: 69-മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരൂരങ്ങാടി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച കലാ-കായിക മത്സരങ്ങൾ ആവേശമായി.
മൂന്നുദിവസങ്ങളിലായി സംഘടിപ്പിച്ച കലാകായിക മത്സരങ്ങൾ അവസാനിച്ചു.
കലാ മത്സരങ്ങൾ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങൾ ചെമ്മാട് റോയൽ ഫുട്ബോൾ കോർട്ടിലുമാണ് നടന്നത്.
സഹകരണ വകുപ്പിലെയും തിരൂരങ്ങാടി താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിലെയും ഏകദേശം 500 ഓളം മത്സരാർത്ഥികൾ വിവിധ പരിപാടികളിലായി മാറ്റുരച്ചു.
കലാ മത്സരങ്ങളിൽ, മാപ്പിളപ്പാട്ട് ലളിതഗാനം, പ്രസംഗം,പ്രബന്ധം സിനിമ ഗാനം, കൂടാതെ കായിക മത്സരങ്ങളിൽ ഫുട്ബോൾ, കമ്പവലി , ഷട്ടിൽ ബാഡ്മിൻറൺ , ലെമൺ സ്പൂൺ,ഓട്ട മത്സരം എന്ന ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
ഖത്തർ വേൾഡ് കപ്പിനെ വരവേറ്റ് സർക്കിളിലെ സഹകരണ സ്ഥാപനങ്ങളിലെ വനിതകൾ അണിയിച്ചൊരുക്കിയ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി.
നാല് ടീമുകളിലായി 32 വനിതാ താരങ്ങൾ അണിനിരന്നു.
എല്ലാവർഷവും നവംബർ 14 മുതൽ 20 വരെയാണ് സഹകരണവാരമായി ആചരിക്കുന്നത്. സർക്കിൾതല വാരാഘോഷം 17ന് ചെമ്മാട് സഹകരണ ഭവനിൽ കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന സെമിനാർ പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും
വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് തിരുരങ്ങാടി അസിസ്റ്റൻറ് രജിസ്റ്റർ പ്രേമരാജ്, തിരൂരങ്ങാടി അസിസ്റ്റൻറ് ഡയറക്ടർ സുലോചന ഇ.ആർ, അസിസ്റ്റൻറ് ഡയറക്ടർ ജോബി ജോസഫ് , അരിയല്ലൂർ ബാങ്ക് പ്രസിഡൻറ് നരേന്ദ്രദേവ്, പരപ്പനങ്ങാടി ബാങ്ക് പ്രസിഡൻറ് കുട്ടി കമ്മു നഹ, തിരൂരങ്ങാടി ബാങ്ക് പ്രസിഡണ്ട് അഹമ്മദ് അലി ബാവ ,സഹകരണ ഇൻസ്പെക്ടർമാരായ കെ.ടി. വിനോദ്, കെ. അബ്ദുൽ അനീഷ്, പി. സജിത്ത്, ബാബുരാജ് എൻ.പി, വിജയകുമാർ. കെ എന്നിവർ വിജയികൾക്ക് മെഡലുകളും ട്രോഫികളും നൽകി.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ നിമേഷ് .കെ, അബ്ദുൽ ജലീൽ കെ എ , രഞ്ജിത്ത്,പ്രമോദ്, ബാങ്ക് സെക്രട്ടറിമാരായ ശ്യാംകുമാർ ,അബ്ദുൽ ഹമീദ്,അഹമ്മദ് ആസിഫ് എന്നിവരും സംബന്ധിച്ചു.