NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ കുട്ടികളുടെ മൊഴി

മലപ്പുറം: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകൻ അബ്ദുൽ കരീമിനെതിരെ കൂടുതൽ കുട്ടികൾ കൂടി അധ്യാപകന് എതിരെ പോലീസിന് മൊഴി നൽകി. രണ്ട് കുട്ടികൾ കൂടിയാണ് അധ്യാപകൻ്റെ ലൈംഗികാതിക്രമത്തിനെതിരെ ഇന്നലെ പോലീസിന് മൊഴി നൽകിയത്. ഇതോടെ അധ്യാപകന് എതിരെ മൊഴി നൽകി കുട്ടികളുടെ എണ്ണം മൂന്നായി. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ കുട്ടികൾ അധ്യാപകന് എതിരെ മൊഴി നൽകിയേക്കും.

അതേ സമയം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാള്‍ നിരോധിച്ച സംഘടനയായ പോപുലർ ഫ്രണ്ടിൻ്റെ മലപ്പുറം നോർത്ത് ഡിസ്ട്രിക്ട് പ്രസിഡൻ്റ് ആയിരുന്നു. കുട്ടികൾ സ്കൂൾ കൗൺസിലിംഗിനിടെയാണ് അധ്യാപകൻ ഇത്തരത്തിൽ പെരുമാറിയത് വെളിപ്പെടുത്തിയത്. ഇക്കാര്യം സ്കൂളിലെ അധ്യാപിക പോലീസിനെ അറിയിച്ചു. തുടർന്ന് മലപ്പുറം വനിതാ പോലീസാണ് അബ്ദുൽ കരീമിനെ പിടികൂടിയത്. കണക്ക് അധ്യാപകനായ പ്രതി ലൈംഗീക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തിൽ പല ദിവസങ്ങളിലായി പല തവണകളിലായി കുട്ടികൾക്ക് മേൽ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.

ഇയാളെ പേടിച്ച് കുട്ടികൾ ഇത് ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പോലീസ് പറഞ്ഞു. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് അബ്ദുല് കരീമിനെതിരെ കേസുകൾ എടുത്തിട്ടുള്ളത്.

മലപ്പുറത്ത് കഴിഞ്ഞ ബുധനാഴ്ചയും ഒരു അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് പിടിയിലായത്. എൻ എസ് എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

കഴിഞ്ഞ മാസം 25 നും ഒരു അധ്യാപകൻ പോക്സോ കുറ്റത്തിന് പിടിയിലായിരുന്നു. നിലമ്പൂരിൽ എട്ടാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ ആണ് ഇയാൾ അറസ്റ്റിലായത്. ചുങ്കത്തറ സ്വദേശി പൊട്ടങ്ങൽ അസൈനാറി(42)നെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് ഇയാൾ.എട്ടാംക്ലാസിൽ പഠിക്കുന്ന 12 വയസ്സുകാരനെ അസൈനാർ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം തുടർന്നത്. അടുത്തിടെ കുട്ടി പഠനത്തിൽ പിന്നാക്കംപോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാർ കാര്യങ്ങൾ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published.