യു.ഡി.എഫ് പ്രകടനത്തിനിടെ വാഹനം തടഞ്ഞ് കുടുംബത്തെ അക്രമിച്ചതായി പരാതി: പോലീസ് കേസ്സെടുത്തു.


തിരൂരങ്ങാടി : ദേശീയപാത വെന്നിയൂരിൽ യു.ഡി.എഫ് പ്രകടനത്തിനിടെ വളണ്ടിയർമാർ വാഹനം തടഞ്ഞ് അക്രമിച്ചതായി പരാതി.
സംഭവത്തിൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി പോലീസ് കേസെടുത്തു.
പ്രകടനം നടക്കുന്നതിനാൽ വളരെ പതുക്കെയാണ് വാഹനങ്ങൾ കടന്ന് പോയത്. ഇതിനിടയിൽ വളണ്ടിയർ ഇടത് വശം ചേർന്ന് പോകാൻ നൽകിയ നിർദ്ദേശാനുസരണം ഇടത്തേക്ക് തിരിയമ്പോൾ മറ്റൊരു വളണ്ടിയർ വണ്ടിയുടെ ബോണറ്റിന് ശക്തമായി അടിക്കുകയും വണ്ടി തടയുകയും ചെയ്തു.
ഗ്ലാസ്സ് താഴ്ത്തി വളണ്ടിയർ പറഞ്ഞത് പ്രകാരമാണ് വണ്ടി തിരിച്ചതെന്ന് പറയുമ്പോൾ ഷർട്ടിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയും പിറകിൽ ഇരിക്കുന്ന സ്ത്രീകളെ അടക്കം അസഭ്യം പറയുകയും ചെയ്തു.
തന്റെ ഭാര്യ ഗർഭിണി ആണെന്ന് പറഞ്ഞിട്ടും അവരും കുട്ടികളും കരഞ്ഞ് നില വിളിച്ചിട്ടും അതൊന്നും വകവെക്കാതെ വണ്ടിയുടെ നാല് ഭാഗത്ത് നിന്നും അടിക്കുകയും ഭീതി ജനകമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്തതായും വണ്ടിയുടെ പിറക് വശം അടിച്ച് തകർത്തെന്നും നിയാസ് പറഞ്ഞു.
അതേ സമയം പ്രകടനത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതക്കുരുക്കു ണ്ടായതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.