NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആധാർ ബന്ധിപ്പിച്ചു; കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ വോട്ടർമാർ കുറഞ്ഞു

ആധാർ വോട്ടർപട്ടികയുമായി ബന്ധിപ്പിച്ചതോടെ സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണം കുറഞ്ഞു. ആകെ കുറഞ്ഞത് 3.13 ലക്ഷം പേരാണ്. മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും നീക്കുന്ന പതിവു രീതിക്കു പുറമേ ഒന്നിലേറെത്തവണ പട്ടികയിൽ പേരുള്ളവരെ ആധാർ ബന്ധിപ്പിക്കലിലൂടെ കണ്ടെത്തി നീക്കിയതോടെയാണ് ഇന്നലെ പ്രസിദ്ധീകരിച്ച നിയമസഭാ, ലോക്സഭാ കരട് വോട്ടർ‌പട്ടികയിൽ എണ്ണം കുറഞ്ഞത്.

ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച പട്ടികയിൽ 2,73,65,345 വോട്ടർമാരുണ്ടായിരുന്നു. പുതിയ പട്ടികയിൽ ഇത് 2,71,62,290 ആയി കുറഞ്ഞു. പുതുതായി 1,10,646 പേർ പട്ടികയിൽ പേരു ചേർത്തിട്ടു കൂടിയാണ് 3,13,701 പേരുടെ കുറവുണ്ടായത്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർപട്ടികയുടെ വിവരങ്ങൾ ലഭിക്കും. താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ പക്കലും വോട്ടർപട്ടികയുണ്ട്. അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് താലൂക്ക് ഓഫീസിൽനിന്ന് വോട്ടർപട്ടിക ശേഖരിക്കാം. പട്ടികയെക്കുറിച്ചുള്ള പരാതികളും മറ്റും ഡിസംബർ 8 വരെ സമർപ്പിക്കാം.
17 വയസ്സ് പൂർത്തിയായവർക്ക് ഇത്തവണ മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ 4 യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ്സ് പൂർത്തിയാകുന്നത് അതനുസരിച്ച് അപേക്ഷ പരിശോധിക്കുകയും പട്ടികയിൽ ചേർക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയൽ കാർഡ് കിട്ടും. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 5നു പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *