കർഷക സമരത്തിന് ഐക്യദാർഢ്യം: ഭിന്നശേഷിക്കാരനായ യുവാവ് ഒറ്റക്കാലിൽ താമരശ്ശേരി ചുരം കയറാനൊരുങ്ങുന്നു.


തിരൂരങ്ങാടി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഭിന്നശേഷിക്കാരനായ യുവാവ് ഒറ്റക്കാലിൽ താമരശ്ശേരി ചുരം കയറാനൊരുങ്ങുന്നു.
ചേളാരി പടിക്കൽ സ്വദേശി മുഹമ്മദ് ഷഫീഖാണ് ഞായറാഴ്ച രാവിലെ ഏഴിന് അടിവാരത്തുനിന്ന് സുഹൃത്തുക്കളോടൊപ്പം ചുരം കയറുന്നത്.ഊന്ന് വടി ഉപയോഗിച്ചാണ് കയറ്റം. ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന കർഷകർക്ക് തന്നാലാവുന്ന രീതിയിൽ പിന്തുണ കൊടുക്കലാണ് ലക്ഷ്യം.ഡൽഹിയിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവർഷം കോഴിക്കോട്ട് സംഘടിപ്പിച്ച ശാഹീൻ ബാഗ് പൗരത്വ സമരത്തിൽ 30 കിലോമീറ്റർ നടന്ന് പങ്കടുത്തിരുന്നു. 32കാരനായ ഷഫീഖ് 10ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടാങ്കർ ലോറിയിടിച്ച് വലതുകാൽ നഷ്ടപ്പെട്ടത്.വീൽചെയറിലായിരുന്നു പിന്നീടുള്ള ജീവിതം. തന്നെപ്പോലെ യുള്ളവർക്കു പ്രചോദനമേകാൻ മുച്ചക്ര വാഹനത്തിൽ 600 കിലോമീറ്റർ യാത്ര നടത്തിയത് ലോക്‌ഡൗണിന് മുമ്പായിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ഫുട്ബാൾ, നീന്തൽ മത്സരങ്ങളിലും താരമാണ്.ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറൻറ്ലി ഏബിൾഡ് പീപിൾസ് ലീഗിൻെറ മലപ്പുറം ജില്ല ഭാരവാഹിയായും പ്രവർത്തിക്കുന്നു.ആദ്യമായിട്ടാണ് ചുരം നടന്നു കയറുന്നതെന്നും തീരുമാനം വിജയിക്കുമെന്ന പ്രതീക്ഷയിലാണെന്നും ഷഫീഖ് പറയുന്നു.
