കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ; പിടിയിലായവർ മൂന്നിയൂർ, പാലത്തിങ്ങൽ സ്വദേശികൾ.


ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുൻപ് പല കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള മൂന്നിയൂർ സൗത്ത് പുഴക്കലകത്ത് മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങൽ ചപ്പങ്ങത്തിൽ അബ്ദുൾസലാം എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ. ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇവർ വിൽപ്പനയ്ക്കായി ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് നിന്നും പിടികൂടിയത്. സംശയം വരാതിരിക്കുന്നതിനായി പല ട്രെയിനുകളിൽ മാറിമാറി കയറിയാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവരിൽനിന്ന് നാലുപൊതികളിലായി പാക്ക് ചെയ്തു കൊണ്ടുവന്നിരുന്ന കഞ്ചാവ് പിടികൂടിയത്. ഈ പദ്ധതി വിജയിക്കുകയാണെങ്കിൽ വ്യാപാരാടിസ്ഥാനത്തിൽ കഞ്ചാവ് കൊണ്ടുവരുന്നതിന് ഇവർ ആസൂത്രണം ചെയ്തിരുന്നു.
ഇരുവർക്കും മുൻപും കഞ്ചാവ് കേസുകൾ നിലവിലുണ്ട്. അതോടൊപ്പം ജയ്സലിന് പോക്സോ കേസും അബ്ദുൾസലാമിനു പല സ്റ്റേഷനുകളിലായി കളവു കേസുകളിലും നിലവിലുണ്ട്. താനൂർ ഡി.വൈ.എസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും. പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അജീഷ് കെ ജോൺ, സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അനിൽകുമാർ സിപിഒ മാരായ രഞ്ജിത്ത്, വിബീഷ്, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിൽ മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ കുറെ എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള കേസുകൾ പിടികൂടിയിരുന്നു. അതിനെ തുടർന്നും ലഹരിക്കെതിരെയുള്ള സർക്കാരിന്റെ യോദ്ധാവ് പ്രോഗ്രാം തുടങ്ങിയതോടുകൂടിയും ലഹരിവസ്തുക്കൾ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകൾ മനസ്സിലാക്കി ആന്ധ്രപ്രദേശിലേക്ക് വണ്ടി കയറുകയും അവിടെനിന്ന് രണ്ട് കിലോ കഞ്ചാവുമായി നാട്ടിലേക്ക് വരികയുമാണ് ചെയ്തത്.