തെന്നലയിലും മൂന്നിയൂരിലും പ്രസിഡന്റും വൈസ് പ്രസിഡന്റും ലീഗിന് തന്നെ



തിരൂരങ്ങാടി: യു.ഡി.എഫ് സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്നിയൂർ, തെന്നല പഞ്ചായത്തുകളിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ലീഗിന് തന്നെ.
മൂന്നിയൂരിൽ മുസ്ലിം ലീഗ് അംഗങ്ങളായ എൻ.എം. സുഹാബി പ്രസിഡന്റായും ഹനീഫ ആച്ചാട്ടിൽ വൈസ് പ്ര സിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നിയൂരിൽ 23 അംഗങ്ങളിൽ യു.ഡി.എഫിന് 18 അംഗങ്ങളാണ്. മുസ്ലിം ലീഗിന് 14 ഉം കോൺഗ്രസിന് മൂന്നും സി.എം.പിക്ക് ഒന്നും അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് അഞ്ച് പേരുണ്ട്.
വോട്ടെടുപ്പിൽ യു.ഡി.എഫിന് 18 ഉം എൽ.ഡി.എഫിന് അഞ്ചും വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ ഒരു അംഗം മാത്രമുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ മൂന്ന് അംഗങ്ങളായി. എന്നാൽ ലീഗിന് ഇത്തവണ മൂന്ന് സീറ്റ് കുറഞ്ഞിട്ടുണ്ട്.
സീറ്റ് വർധനവുണ്ടായിട്ടും കോൺഗ്രസിന് വൈസ് പ്രസിഡന്റ് പദവി നൽകാത്തതിൽ പാർട്ടിക്ക് അതൃപ്തിയുണ്ട്. അതേസമയം ക്ഷേമകാര്യ സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് നൽകിയേക്കും.
യു.ഡി.എഫ് സംവിധാനം നിലവിൽ വന്ന തെന്നല പഞ്ചായത്തിൽ മുസ്ലിം ലീഗിലെ കരുമ്പിൽ സലീന പ്രസിഡന്റും ലീഗിലെ തന്നെ കെ.വി. മജീദിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. വോട്ടെടുപ്പിൽ 23 അംഗങ്ങളിൽ യു.ഡി.എഫിന് 14 ഉം എൽ.ഡി.എഫിന് മൂന്നും വോട്ടുകൾ വീതം ലഭിച്ചു.