സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽനിന്ന് കഞ്ചാവ് പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ


സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽനിന്ന് കഞ്ചാവ് പിടികൂടി.കൊച്ചി കോതമംഗലം നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ എക്സൈസ് പിടികൂടി. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ കുത്തു കുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീൻ, സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു , ബിജു എന്നിവർ എക്സൈസ് സംഘത്തെ കണ്ടപ്പോൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയും കോതമംഗലം റേഞ്ച് ഇൻസ്പെക്ടർ ഹിറോഷ് വി ആറും സംയുക്തമായി ഇന്നലെ നെല്ലിക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സ്കൂൾ കെട്ടിടത്തിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
എക്സൈസ് നടത്തിയ പരിശോധനയിൽ സ്കൂൾ കോമ്പൗണ്ടിൽ യാസിൻ ഉപേക്ഷിച്ചു പോയ ബുള്ളറ്റ് ബൈക്കിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്കൂൾ കെട്ടിടത്തിലെ മുറി സ്കൂളിലെ ജീവനക്കാരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചതിൽ മുറിക്കുള്ളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തി.
വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുകയും കഞ്ചാവ് വലിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം സ്കൂൾ കോമ്പൗണ്ടിലും സ്കൂൾ കെട്ടിടത്തിലും ചെയ്തു കൊടുക്കുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു, സ്കൂളിലെ സിസിടിവി സംവിധാനം പ്രവർത്തനരഹിതമാണെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.
നെല്ലിക്കുഴി സ്വദേശി യാസീൻ, പാലാ സ്കൂൾ ജീവനക്കാരൻ സജി, ഇവരോടൊപ്പം രക്ഷപ്പെട്ട തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർക്കായുള്ള അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസ് ഷാഡോ ടീം ഊർജിതമാക്കി . എക്സൈസ് ഇൻസ്പെക്ടർ ഹിരോഷ് വി ആർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം കെ റെജു, പ്രിവന്റീവ് ഓഫീസർമാരായ നിയാസ് കെ.എ, ജയ് മാത്യൂസ്, ശ്രീകുമാർ എൻ, കെ. കെ വിജു, സിദ്ദിഖ് എ.ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ എൽദോ കെ.സി, പി.വി ബിജു, അജീഷ് കെ.ജി, ബേസിൽ കെ തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണസംഘം.