കരിപ്പൂരിൽ രണ്ടുപേരിൽനിന്ന് ഒരുകോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം


മലപ്പുറം: കരിപ്പൂരിൽ രണ്ടുപേരിൽനിന്ന് ഒരുകോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം. തലക്കടത്തൂർ സ്വദേശിയായ പാറമ്മൽ റഷീദ്, മലപ്പുറം സ്വദേശിയായ ഷാഫി എന്നിവരാണ് കരിപ്പൂരിൽ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിൻറെ പിടിയിൽ ആയത്. ശനിയാഴ്ച രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും പാറമ്മൽ റഷീദ് (49)യിൽ നിന്ന് 1286 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടിച്ചെടുത്തത്. മലദ്വാരത്തിൽ നാല് ക്യാപ്സ്യൂൾ രൂപത്തിൽ ആണ് റഷീദ് മിശ്രിത രൂപത്തിൽ സ്വർണം ഒളിപ്പിക്കാൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 60 ലക്ഷം രൂപയോളം വില വരും.
കള്ളക്കടത്തുസംഘം തനിക്കു 1,20,000 രൂപയും വിമാനടിക്കറ്റുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് റഷീദ് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്. ഇന്ന് അതിരാവിലെ ജിദ്ദയിൽ നിന്നും ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയായ ഷാഫിയിൽ നിന്നും കസ്റ്റംസ് പ്രെവന്റീവ് വിഭാഗം 1061 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയിരുന്നു. 50 ലക്ഷം രൂപ മൂല്യം കണക്കാക്കുന്നു പിടിച്ചെടുത്ത ഈ സ്വർണത്തിന് . 1061 ഗ്രാം സ്വർണ്ണമിശ്രിതം ശരീരത്തിനുള്ളിൽ നാലു കാപ്സ്യൂൾ ആയി ഒളിപ്പിച്ചു കടത്തുവാൻ ആയിരുന്നു ഷാഫിയുടെ ശ്രമം.
കള്ളക്കടത്തുസംഘം 90,000 രൂപയും വിമാനടിക്കറ്റും ആണ് ഷാഫിക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്. കസ്റ്റംസ് പ്രവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ട് പ്രകാശ് എം, ഇൻസ്‌പെക്ടർ കപിൽ ദേവ് സൂരിറ, ഹെഡ് ഹവൽദാർ സന്തോഷ് കുമാർഎന്നിവർ ചേർന്നാണ് ഈ രണ്ട് സ്വർണ കള്ളക്കടത്ത് കേസുകളും പിടികൂടിയത്.