NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബൈക്ക് തടഞ്ഞുനിർത്തി താക്കോലൂരി യുവാവിന്‍റെ PSC പരീക്ഷ മുടക്കിയ പൊലീസുകാരന് സസ്പെൻഷൻ

1 min read

കോഴിക്കോട്: പിഎസ്സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുനിർത്തി ബൈക്കിന്റെ താക്കോലൂരിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിനെയാണ് സസ്പെന്‍ഡ് ചെയ്തു.

ഏറെ പ്രതീക്ഷകളോടെ പിഎസ്സി പരീക്ഷ എഴുതാനയി പോയ രാമനാട്ടുകര സ്വദേശിയായ അരുണ്‍ (29) എന്ന യുവാവിനെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞുനിർ‌ത്തിയത്. ഡിഗ്രി പ്രിലിമിനറി പരീക്ഷയെഴുതുന്നതിനായാണ് അരുൺ പുറപ്പെട്ടത്. മീഞ്ചന്ത ജിഎച്ച്എസ് ആയിരുന്നു അരുണിന് പരീക്ഷ കേന്ദമായി ലഭിച്ചത്.

ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസമുണ്ടായതോടെ പുതിയ പാലത്തിൽ നിന്ന് യു-ടേൺ എടുത്ത് ഫറോക്ക് വഴി പോകാൻ ശ്രമിക്കുന്നതിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലീസുകാരൻ അരുണിനെ തടയുകയായിരുന്നു. ബൈക്ക് റോഡരികിലേക്ക് മാറ്റിയപ്പോൾ പൊലീസുകാരൻ വന്ന് താക്കോൽ ഊരിമാറ്റി തിരികെ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോയി.

പരീക്ഷ ഉണ്ടെന്ന് പലതവണ പറഞ്ഞിട്ടും 1.55 വരെ അരുണിനെ അവിടെ നിർത്തി. തുടർന്ന് ഫൈൻ അടിക്കുന്നതിനായി സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐയോട് കാര്യങ്ങൾ പറഞ്ഞു. സംഭവത്തില്‍ സ്റ്റേഷൻ എസ്.ഐ ഇടപെട്ടതോടെ അരുണിനെ പൊലീസ് ജീപ്പിൽ കയറ്റി പരീക്ഷാ കേന്ദത്തിലെത്തിക്കാൻ ശ്രമിച്ചു. എന്നാൽ പരീക്ഷ കേന്ദ്രത്തിലെത്തിയപ്പോഴേക്കും പരീക്ഷ കേന്ദ്രത്തിലെ റിപ്പോർട്ടിങ് സമയം അവസാനിച്ചിരുന്നു.

2.10 ഓടെ പരീക്ഷാ സെന്‍ററിൽ എത്തിയെങ്കിലും ഒഎംആർ ഷീറ്റ് ക്യാൻസൽ ചെയ്തതിൽ പരീക്ഷ എഴുതാൻ പറ്റില്ലെന്ന് സെന്‍റർ അധികൃതർ അറിയിച്ചു. ഇതോടെ പൊലീസ് ജീപ്പിൽ തന്നെ അരുണിനെ തിരികെയെത്തിച്ചു. ഗതാഗതനിയമലംഘനത്തിന് രണ്ടാഴ്ച കഴിഞ്ഞ് സമൻസ് വരുമെന്നും പെറ്റിയടക്കണമെന്ന് പറഞ്ഞു.

സ്റ്റേഷനിലെത്തിയപ്പോൾ സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ് എഫ്ഐആർ എഴുതി കഴിഞ്ഞതായും ഫൈൻ കോടതിയിൽ അടച്ചാൽ മതിയെന്നും അറിയിച്ചു. തുടർന്നാണ് ഫറോക്ക് അരുൺ അസി.കമീഷണർക്ക് പരാതി നൽകിയതും പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാര്‍ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പിഎസ്സിയുടെ പ്രിലിമിനറി പരീക്ഷ പല സെക്ഷനുകളിൽ നടക്കുന്നതിനാൽ തനിയ്ക്ക് ഇനിയും അവസരമുണ്ടാകുമെന്നാണ് അരുണിന്റെ പ്രതീക്ഷ. രാജേന്ദ്രന്‍റെയും അനിതയുടെയും മകനായ അരുൺ ഇലക്ട്രിക്കൽ ഡിപ്ലോമ കഴിഞ്ഞാണ് പിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്.

Leave a Reply

Your email address will not be published.