തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടിൽ തിരിച്ചെത്തി; പിന്നിൽ സ്വർണക്കടത്തു സംഘം; 3 പേർ അറസ്റ്റിൽ


കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യവസായി താമരശ്ശേരി സ്വദേശി മുഹമ്മദ് അഷ്‌റഫ് രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ക്വട്ടേഷൻ സംഘം ഇറക്കിവിട്ടതിനെ തുടർന്ന് കൊല്ലത്തുനിന്ന് ബസ്സിൽ കയറി താമരശ്ശേരിയിൽ എത്തിയെന്നാണ് അഷ്റഫ് പറയുന്നത്. പൊലീസ് അഷ്റഫിന്റെ വിശദമായ മൊഴിയെടുക്കും.
ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് താമരശ്ശേരി തച്ചംപൊയിൽ അവേലം സ്വദേശി അഷ്റഫിനെ (52) രാത്രി 9.45 ന് ആണ് സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്നയാളാണ് അഷ്റഫ്. വെഴുപ്പൂർ സ്കൂളിന് സമീപത്തെ വളവിൽ വെച്ചിയിരുന്നു സംഭവം.
സംഭവത്തിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായി. സ്വർണ്ണക്കവർച്ചാ കേസ് പ്രതി കൊടിയത്തൂർ സ്വദേശി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബുറഹ്മാൻ, മുഹമ്മദ് നാസ്, മലപ്പുറം രണ്ടത്താണി സ്വദേശി മുഹമ്മദ് ജൗഹർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് ജൗഹറിനെ പിടികൂടിയത്. അഷ്റഫിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് മൂന്ന് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അഷ്‌റഫ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുമോയിലും കാറിലുമായി പിന്തുടര്‍ന്നെത്തിയ സംഘം സുമോ സ്‌കൂട്ടറിന് കുറുകെയിട്ട് തടഞ്ഞ് വലിച്ചിറക്കി തട്ടികൊണ്ടു പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചേന്ദമംഗലൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 11 എ എം 9578 നമ്പര്‍ സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 10 ബി എ 1568 നമ്പര്‍ സ്വിഫ്റ്റ് കാറും ആദ്യം കസ്റ്റഡിയിലെടുത്തു.
ഇന്നലെ നടത്തിയ നീക്കത്തിലാണ് ജൗഹര്‍ പിടിയിലായത്. അഷ്‌റഫിനെ പിന്നീട് കയറ്റിക്കൊണ്ടുപോയ കെ എല്‍ 55 എ ഇ 0767 നമ്പര്‍ താര്‍ ജീപ്പും പോലീസ് പിടിച്ചെടുത്തു. കരിപ്പൂര്‍ സ്വര്‍ണ്ണകവര്‍ച്ച കേസിലെ പ്രതിയായ കൊടിയത്തൂര്‍ സ്വദേശി അലി ഉബൈറാന്റെ തിരിച്ചറിയല്‍ രേഖ നല്‍കിയാണ് സുമോ വാടകക്കെടുത്തത്. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തയെങ്കിലും കണ്ടെത്താനായില്ല. മലപ്പുറം ജില്ലയിലെ സ്വര്‍ണ്ണക്കടത്തു സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നു വ്യക്തമായതായി പോലീസ് അറിയിച്ചു.
അഷ്‌റഫിന്റെ ഭാര്യാ സഹോദരനും സ്വര്‍ണ്ണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിന്റെ പേരില്‍ കേരളത്തിലേക്ക് കടത്താനുള്ള മലപ്പുറം കാവനൂര്‍ സ്വദേശിയുടെ സ്വര്‍ണ്ണം വിദേശത്ത് തടഞ്ഞു വെച്ചതായും ഇത് വിട്ടു കിട്ടാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വര്‍ണ്ണക്കടത്തു സംഘത്തില്‍ ഉള്‍പെട്ട നിരവധി പേരുടെ വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
ജൗഹറിന്റെ വീട്ടിലും ബന്ധു വീടുകളിലും പോലീസ് പരിശോധന നടത്തിയതോടെ പിടികൂടുമെന്നുറപ്പായ പ്രതി വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് കരിപ്പൂരില്‍ പിടിയിലായത്.
താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ടിഎ അഗസ്റ്റിന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ മാരായ വി എസ് ശ്രീജിത്ത്, കെ സത്യന്‍, എ എസ് ഐ. എസ് ഡി ശ്രീജിത്ത്, സി പി ഒ മാരായ കെ ഷമീര്‍, ജിലു സെബാസ്റ്റ്യന്‍, മുഹമ്മദ് റാസിക്ക് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.