NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇലന്തൂരിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരുടെ കാണാതായ അവയവങ്ങൾ കടത്തിയെന്ന സംശയം ബലപ്പെടുന്നു

ഇലന്തൂർ നരബലി കേസിൽ വഴിത്തിരിവെന്ന് സൂചന. നരബലി മാത്രമല്ല, കൊല്ലപ്പെട്ടവരുടെ അവയവങ്ങൾ കടത്തിയെന്ന സംശയം ബലപ്പെടുകയാണ്. കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ റോസ്‌ലിയുടെ മൃതദേഹത്തിൽ കരളും വൃക്കയും ഉണ്ടായിരുന്നില്ല. ഇതാണ് സംശയം ബലപ്പെടാൻ കാരണം. യുവതികളെ കൊന്നത് അവയവ കച്ചവടത്തിന് ആണോയെന്ന സാധ്യത അന്വേഷണ സംഘം പരിശോധിക്കുന്നു. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ക്രിമിനൽ ബന്ധങ്ങളും മുൻകാല ഇടപാടുകളുമാണ് ഇത്തരം സാധ്യതകളിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്.

അതേസമയം, ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ഡിഎൻഎ സാംപിൾ ശേഖരിക്കുന്ന അടക്കമുള്ള നടപടികൾ പൂർത്തിയായിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇതുവരെയും വിട്ടുനൽകിയിട്ടില്ല. മൃതദേഹം ആചാരപ്രകാരം സംസ്കരിക്കാൻ സർക്കാർ നടപടികൾ വേഗത്തിൽ ആക്കണമെന്നും മകൻ കത്തിൽ ആവശ്യപ്പെടുന്നു. ഇരട്ട നരബലി നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട് കനത്ത പൊലീസ് സുരക്ഷയിൽ തന്നെയാണ്. കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകൾ ക്രോഡീകരിച്ച് വിലയിരുത്തിയ ശേഷം പ്രതികളെ വീണ്ടും ഇലന്തൂരിൽ എത്തിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇന്നലെ പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും റോസ്ലിസിലിയെയും കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചാകും ഭഗവൽ സിങ്ങിന്റെ ഇന്നത്തെ തെളിവെടുപ്പ്. പ്രതികളിൽ നിന്ന് കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *