കെഎസ്ആര്‍ടിസി യൂണിറ്റില്‍ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാനില്ല


കെഎസ് ആര്‍ടിസി തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന് സംശയം. ഡിപ്പോയിലെ ദിവസവരുമാനത്തില്‍ നിന്ന് 1,17,318 രൂപയാണ് കാണാതായത്. യൂണിറ്റ് ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.
നാല് ദിവസം മുമ്പാണ് പ്രതിദിന കളക്ഷന്‍ മുഴുവനായി ബാങ്കില്‍ എത്തിയില്ലെന്ന് കണ്ടെത്തിയത്. യുണിറ്റ് ഓഫീസറുടെ പരാതിയില്‍, ഔട്ട് ഓഡിറ്റ് വിഭാഗം, ടിക്കറ്റ് ആന്റ് ക്യാഷ് ഡിപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധയില്‍ കണക്കിലെ പൊരുത്തക്കേട് കണ്ടെത്തുകയായിരുന്നു.
മികച്ച കളക്ഷന്‍ നേടുന്ന ഡിപ്പോയാണ് കെഎസ്ആര്‍ടിസി തിരുവനന്തപുരം യൂണിറ്റ്. വൗച്ചര്‍ ബില്ലുമായി ഒത്തുനോക്കുന്നതിനിടെ പണം കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നത് പരിശോധിച്ചതിനുശേഷം കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് കൈമാറും. അതേസമയം ഡീസല്‍ ക്ഷാമ സമയത്ത് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മാത്രമായി സര്‍വീസ് നടത്തിയ ബസുകളില്‍ ഡീസല്‍ ബില്ല് നല്‍കാന്‍ വിട്ടുപോയതാണ് പൊരുത്തക്കേടിന് പിന്നിലെന്നാണ് ജീവനക്കാരുടെ വിശദീകരണം.