മകൾക്കും സഹോദരിക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു


മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങിമരിച്ചു. ഗൂഡല്ലൂർ ചെമ്പാല സ്വദേശിയായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. ഗൂഡല്ലൂർ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളാണ് മഹാലക്ഷ്മി. ചാലിയാർ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം.
മഞ്ചേരി സ്വദേശിയുടെ റബർ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളികളാണ് മഹാലക്ഷ്മിയുടെ മതാപിതാക്കൾ. ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമിച്ച കുളത്തിലാണ് അപകടമുണ്ടായത്. കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായാണ് കുളം നിർമിച്ചത്.
കുളത്തിലേക്ക് നാല് വയസ്സുകാരിയായ മകൾക്കും ഇളയ സഹോദരി രേവതിക്കും ഒപ്പം കുളിക്കാനിറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങിയ മഹാലക്ഷ്മിയെ ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണഅ. ഭർത്താവ് മേഘനാഥൻ.
മലപ്പുറം കൽക്കുണ്ട് റിസോർട്ടിന് സമീപം കഴിഞ്ഞ ദിവസം യുവതി ഒഴുക്കിൽപെട്ട് മരിച്ചിരുന്നു. റിസോർട്ടിന് സമീപമുള്ള ചോലയിൽ കുളിക്കാനിറങ്ങിയ യുവതിയാണ് ഒഴുക്കിൽപെട്ടത്. ആലപ്പുഴ ചന്തിരൂര്‍ മുളയ്ക്കപറമ്പില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകള്‍ ആര്‍ഷ(24)യാണ് മരിച്ചത്. ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായിരുന്നു.
തിങ്കളാഴ്ച്ച വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവർ ചോലയിലെത്തുമ്പോൾ ഒഴുക്കു കുറഞ്ഞ അവസ്ഥയിലായിരുന്നു. തെളിഞ്ഞ കാലാവസ്ഥയുമായിരുന്നു. ചോലയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. ആർഷയുടെ കൂടെയുണ്ടായിരുന്നവരും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷപ്പെട്ടു.