ഉറുമ്പു കടിയേറ്റ തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു.


റിയാദ്: ഉറുമ്പു കടിയേറ്റ തമിഴ്‌നാട് സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് (39) ആണ് മരിച്ചത്. റൂമില്‍ നിന്ന് ഉറുമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
ആറ് വര്‍ഷമായി റിയാദിലുള്ള ഹസ്സന്‍ ഫാറൂഖ് ഹൗസ് ഡ്രൈവറാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങി വന്നത്. മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സന്‍ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. സഹോദരന്‍ തമീമുല്‍ അന്‍സാരി നടപടിക്രമങ്ങള്‍ക്കായി റിയാദില്‍ എത്തിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരായ തോമസ് കുര്യന്‍, കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍ തുടങ്ങിയവരും നടപടി ക്രമങ്ങൾ ശെരിയാക്കാൻ രംഗത്തുണ്ട്.
കറുത്ത ഉറുമ്പിന്റെ കടിയേറ്റ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ ഉടന്‍ ആശുപത്രിയിലെത്തണമെന്നും ഇല്ലെങ്കില്‍ രക്തം കട്ടപിടിച്ച് ഹൃദയാഘാതമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പിതാവ്: മുഹമ്മദ് റസൂല്‍. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകന്‍: ഹാഷിം.