കൊച്ചിയിൽ വീണ്ടും കൊലപാതകം: ഗാനമേളയ്ക്കു പിന്നാലെ യുവാവിനെ കുത്തിക്കൊന്നു


കൊച്ചി: ഗാനമേളയിൽ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തൃപ്പുണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരിൽ നടന്ന ഗാനമേളയ്ക്കുശേഷമാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്. രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാൾ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന് സംഘാടകർ പറയുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതോടെ സംഘാടകർ ഇയാളെ സ്ഥലത്തുനിന്ന് പുറത്താക്കി. പരിപാടി കഴിഞ്ഞശേഷം സുഹൃത്തുക്കളുമായി മടങ്ങിയെത്തിയാണ് പ്രതി രാജേഷിനെ കുത്തിയത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വയറിനും കൈയിലും കുത്തേറ്റ രാജേഷിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഓഗസ്റ്റ് 28ന് നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ അടിച്ചു കൊലപ്പെടുത്തിയിരുന്നു. പാലക്കാട് സ്വദേശി അജയകുമാർ (25 ) ആണ് മരിച്ചത്. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിലാണ് യുവാവിന് അടിയേറ്റത്. സംഭവത്തിൽ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.